ന്യൂഡൽഹി: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രണമാണ് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ നടന്നത്. 2001ൽ ജമ്മു കാശ്മീർ നിയമസഭയിലേക്ക് ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു. 2016ൽ ഉറിയിലെ സൈനികക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരുകയാണെങ്കിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം ആയിരിക്കും ഇത്.
മഹീന്ദ്ര എസ്.യുവി ആണ് തീവ്രവാദികൾ ചാവേർ ആക്രമണത്തിന് ഉപയോഗിച്ചത്. 350കിലോ വരുന്ന സ്പോടക വസ്തുക്കളാണ് തീവ്രവാദികളുടെ വാഹനത്തിൽ ഉണ്ടായിരുന്നത്. ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ജെയ്‌ഷെ ഭീകരനായ ആദിൽ അഹമ്മദ് എന്നയാളാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ലാണ് ഇയാൾ ഭീകരസംഘടനയിൽ ചേർന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഇ മുഹമ്മദ് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇയാളെക്കുറിച്ച് പറയുന്നത്.
78 ബസുകളിലായി ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ജവാന്മാരെയാണ് ഭീകരർ ലക്ഷ്യമിട്ടത്. ആക്രമണത്തിൽ ഇതുവരെ40ജവാൻമാർ വീരമൃത്യു വരിച്ചെന്നാണ് വിവരം. സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനിടയിലേക്ക് സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.
സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവർ അടുത്ത ദിവസം കാശ്മീർ സന്ദർശിക്കും.