തിരുവനന്തപുരം: ഉപഭോക്താക്കൾക്കായി ഹാന്റക്‌സ് പ്രിവിലേജ് കാർഡ് അവതരിപ്പിക്കുന്നു. 5,000 രൂപയ്‌ക്കുമേൽ ഹാന്റക്‌സ് ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് കാർഡിൽ അംഗങ്ങളാകാം. കാർഡ് നേടുന്നവർ നടത്തുന്ന ഓരോ 100 രൂപയുടെ ഇടപാടിനും ഡിസ്‌കൗണ്ട് ലഭിക്കും. ആദ്യഘട്ടമായി സംസ്ഥാനത്ത് 5,000 കാർഡുകൾ പുറത്തിറക്കും.
കാർഡിന്റെ സോഫ്‌റ്ര്‌വെയർ തയ്യാറാക്കിയത് കെൽട്രോൺ ആണ്. കാർഡംഗങ്ങളുടെ ഡാറ്രാബേസ് തയ്യാറാക്കി, പുതിയ ഉത്‌പന്നങ്ങൾ, ഡിസ്‌കൗണ്ട്, വിപണനമേളകൾ തുടങ്ങിയവ സംബന്ധിച്ച് അവരെ എസ്.എം.എസ് മുഖേന അറിയിക്കും. ഹാന്റക്‌സ് സർക്കാർ, അർദ്ധ-സർക്കാർ ജീവനക്കാർക്കായി അവതരിപ്പിച്ച 'ഇ-ക്രെഡിറ്ര്" പദ്ധതിക്ക് മികച്ച സ്വീകാര്യതയുണ്ട്. 10,000 രൂപയുടെ തുണിത്തരങ്ങൾ വാങ്ങി, പണം അഞ്ച് തവണകളായി അടയ്‌ക്കാവുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ ഏഴ് ലക്ഷത്തോളം ജീവനക്കാരെ പദ്ധതിയിൽ അംഗമാക്കുകയാണ് ലക്ഷ്യം.
ഹാന്റക്‌സ് പുറത്തിറക്കിയ പ്രീമിയം ഉത്‌പന്നമായ റോയൽ മുണ്ടുകൾക്ക് മികച്ച പ്രിയമുണ്ട്. പ്രീമിയം ഉത്‌പന്നങ്ങളായ ഒറ്റമുണ്ടുകൾ, കുത്താംപുള്ളി കളർ സാരികൾ, റെഡിമെയ്‌ഡ് ഷർട്ടുകൾ എന്നിവയും വൈകാതെ വിപണിയിലെത്തിക്കും. ഓണത്തിന് കുട്ടികൾക്കുള്ള റെഡിമെയ്‌ഡ് വസ്‌ത്രങ്ങളും പുറത്തിറക്കും. റോയൽ മുണ്ടുകൾക്ക് 1,150 രൂപ മുതലാണ് വില. മാർച്ചിൽ വിപണിയിലെത്തിക്കുന്ന കുത്താംപുള്ളി സാരികൾക്ക് ശരാശരി വില 2,600 രൂപയാണ്.