ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. പാർട്ടിയെ ഏകോപിപ്പിക്കുകയും 2022ൽ ഉത്തർപ്രദേശിൽ കോൺഗ്രസിനെ വിജയിക്കാൻ പ്രാപ്തരാക്കുകയുമാണ് തന്റെ കർത്തവ്യമെന്നും അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല തന്റെ ലക്ഷ്യം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന കർത്തവ്യം ഭംഗിയായി നിറവേറ്റുകയാണെന്നും അവർ പറഞ്ഞു. പാർട്ടി പ്രവർത്തകരുമായുള്ള മാരത്തോൺ ചർച്ചകൾക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് ഇക്കുറി പ്രിയങ്ക മത്സരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ ഇക്കുറിയും റായ്‌ബറേലിയിൽ നിന്ന് സോണിയ തന്നെ മത്സരിക്കാനാണ് സാദ്ധ്യത. തുടക്കത്തിലുള്ള പരാജയം രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കുമെന്ന ഭീതിയും പ്രിയങ്കയെ മത്സര രംഗത്ത് നിന്ന് പിന്തിരിപ്പിക്കുന്നതിന് പിന്നിലുണ്ടെന്നാണ് സൂചന. എന്നാൽ അടുത്ത യു.പി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നതെന്നും രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഭർത്താവ് റോബർട്ട് വാധ്രയ്ക്കെതിരെയുള്ള അഴിമതിയന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് അതിന്റെ വഴിക്ക് പോകുമെന്നും താൻ തന്റെ ജോലികൾ തുടരുമെന്നുമായിരുന്നു പ്രിയങ്കയുടെ ഉത്തരം.
ലക്‌നൗ, ഫുൽപൂർ തുടങ്ങിയ മണ്ഡലങ്ങളിൽ നിന്നെത്തിയ പാർട്ടി പ്രവർത്തകർ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രിയങ്കയുമായി ചർച്ച നടത്തിയിരുന്നു. റീത്ത ബഹുഗുണ ജോഷിയുടെ ബി.ജെ.പി പ്രവേശനത്തിനുശേഷം ലക്നൗവിൽ നിന്ന് കോൺഗ്രസിന് നിലവിൽ ശക്തരായ സ്ഥാനാർത്ഥികളില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേശവ് ദേവ് മൗര്യയുടെ മഹാൻ ദൾ പാർട്ടിയുമായി ആദ്യ സഖ്യം ബുധനാഴ്ച പ്രിയങ്ക പ്രഖ്യാപിച്ചിരുന്നു.
ലക്‌നൗവിലെ ഓഫീസിൽ പാർട്ടി പ്രവർത്തകരുമായി ചൊവ്വാഴ്ച മുതൽ കൂടിക്കാഴ്ച നടത്തിവരികയാണ് പ്രിയങ്ക. കഴിഞ്ഞ രണ്ട് ദിവസമായി 15 മണിക്കൂർ വീതം പ്രവർത്തകരുമായി ചർച്ച നടത്തി. ബുധനാഴ്ചത്തെ കൂടിക്കാഴ്ച ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് അവസാനിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30 മുതൽ പിറ്റേന്ന് രാവിലെ 5.30 വരെയായിരുന്നു ചർച്ച നടന്നത്.
യുപിയിലെ 41 മണ്ഡലങ്ങളുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. ബാക്കി 39 മണ്ഡലങ്ങളുടെ ചുമതല മറ്റൊരു ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ്.