മുംബയ്: സമ്പദ്‌രംഗം മെച്ചപ്പെട്ടതിന്റെ കരുത്തിൽ രാജ്യത്ത് ബാങ്ക് വായ്‌പകൾക്കും നിക്ഷേപത്തിനും പ്രിയമേറുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് സമാപിച്ച രണ്ടാഴ്‌ചക്കാലയളവിലെ കണക്കുപ്രകാരം വായ്‌പകൾ 14.5 ശതമാനം വർദ്ധിച്ച് 94.29 ലക്ഷം കോടി രൂപയും നിക്ഷേപങ്ങൾ 9.63 ശതമാനം ഉയർന്ന് 121.22 ലക്ഷം കോടി രൂപയിലുമെത്തി. ജനുവരി 18ന് സമാപിച്ച രണ്ടാഴ്‌ചക്കാല കണക്കുകൾ പ്രകാരം വായ്‌പകൾ 93.32 ലക്ഷം കോടി രൂപയും നിക്ഷേപം 119.86 ലക്ഷം കോടി രൂപയുമായിരുന്നു.
അതേസമയം, മൊത്തം വായ്‌പകളും നിക്ഷേപങ്ങളും തമ്മിലെ അന്തരം ഇപ്പോഴും കൂടുതലായതിനാൽ നിക്ഷേപ പലിശനിരക്കുകൾ താഴ്‌ത്താൻ ബാങ്കുകൾ മടിക്കുമെന്ന വിലയിരുത്തലുണ്ട്. റിസർവ് ബാങ്ക് കഴിഞ്ഞ ധനനയ നിർണയ യോഗത്തിൽ റിപ്പോനിരക്ക് കാൽ ശതമാനം കുറച്ചെങ്കിലും വാണിജ്യ ബാങ്കുകൾ അതിന്റെ ചുവടുപിടിച്ച് വായ്‌പാ-നിക്ഷേപ പലിശകൾ കുറയ്‌ക്കാനുള്ള സാദ്ധ്യത വിരളമാണ്. എന്നാൽ, സമ്പദ്‌രംഗം മെച്ചപ്പെടുന്നുവെന്ന സൂചന നൽകി റീട്ടെയിൽ, വ്യക്തിഗത വായ്‌പകളിൽ ഉണർവ് ദൃശ്യമാണെന്നും അത് തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 2017-18ൽ വ്യവസായ വായ്‌പകളിലും ഉണർവുണ്ടായെന്ന് റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടു.
മൊത്തവില നാണയപ്പെരുപ്പം
10 മാസത്തെ താഴ്‌ചയിൽ
റീട്ടെയിൽ നാണയപ്പെരുപ്പത്തിന് പിന്നാലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പവും കുത്തനെ കുറയുന്നു. ജനുവരിയിൽ പത്തുമാസത്തെ താഴ്ചയായ 2.76 ശതമാനമാണ് മൊത്തവില നാണയപ്പെരുപ്പം. ഡിസംബറിൽ ഇത് 3.80 ശതമാനമായിരുന്നു.
റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് നിർണയത്തിന് പ്രധാന മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ജനുവരിയിൽ 19 മാസത്തെ താഴ്ചയായ 2.05 ശതമാനത്തിൽ എത്തിയിരുന്നു. ഇരു നാണയപ്പെരുപ്പ സൂചികകളും കുത്തനെ കുറഞ്ഞതിനാൽ ഏപ്രിലിൽ പ്രഖ്യാപിക്കുന്ന ധനനയ നിർണയത്തിലും റിസർവ് ബാങ്ക് പലിശഭാരം കുറയ്‌ക്കാനുള്ള സാദ്ധ്യത ഏറി.