ലക്നൗ: ജമ്മുകശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രിയങ്കയും. ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിനൊപ്പമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദേശസുരക്ഷയിൽ മോദി സർക്കാർ വീഴ്ച വരുത്തുന്നത് തുടരുന്നുവെന്ന് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു.
ഉറിക്കും പത്താൻകോട്ടിനും ശേഷം ഇപ്പോൾ പുൽവാമയിലും ഭീകരാക്രമണം ഉണ്ടായി. ഭാവിയിൽ ഇത് ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രിയങ്ക് ഗാന്ധി ആവശ്യപ്പെട്ടു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയം പറയേണ്ട സമയമല്ല ഇതെന്ന വിശദീകരണത്തോടെ ലക്നൗവിൽ നടത്താനിരുന്ന വാർത്താ സമ്മേളനം പ്രിയങ്ക ഒഴിവാക്കി.
ആക്രമത്തെ അപലപിക്കാൻ വാക്കുകൾ മതിയാകുന്നില്ലെന്നായിരുന്നു ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഈ ദുഃഖത്തിൽ രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബങ്ങൾക്ക് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനമറിയിച്ചു.
ഇന്ന് വൈകിട്ട് സി.ആർ.പിഎഫ് വാഹനവ്യൂഹനത്തിന് നേരെയുണ്ടായ ഭീകരാക്രണത്തിൽ ഇതുവരെ 42 പേരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.