pulwama-terror-attack-

ന്യൂഡൽഹി : പുൽവാമയിൽ സി.ആ‍ർ.പി.എഫ് ജവൻമാർക്കുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന്റെ പിന്തുണയുള്ള ജെയ്ഷെ മുഹമ്മദാണ് ആക്രമണം നടത്തിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ രാജ്നാഥ് സിംഗ് നാളെ ശ്രീനഗറിൽ എത്തും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും രാജ്നാഥ് സിംഗ് ചർച്ച നടത്തിയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ 12 അംഗ സംഘവും നാളെ രാവിലെ പുൽവാമയിലേക്ക് തിരിക്കും

ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.

ഭീകരാക്രണമത്തെതുടർന്ന് തെക്കൻ കാശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ്‌ സേവനം വിച്ഛേദിച്ചിട്ടുണ്ട്. ശ്രീനഗറിൽ ഇന്റർനെറ്റ് സേവനം പരിമിതപ്പെടുത്തി.

ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പുൽവാമ ജില്ലയിലെ അവന്തിപൂരിൽ വച്ച് 78 ബസുകളുണ്ടായിരുന്ന കോൺവോയിലേക്ക് സ്കോർപിയോ കാർ ഇടിച്ച് കയറ്റുകയായിരുന്നു. 350 കിലോയിലധികം സ്ഫോടകവസ്തു ഇടിച്ച് കയറ്റിയ കാറിൽ ഉണ്ടായിരുന്നതായാണ് നിഗമനം. അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി.