pulwama
pulwama

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഭീകരരുടെ കുത്സിത ശ്രമങ്ങളുടെ ഭാഗമാണ് ഇന്നലെ ജമ്മുകാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണം. 350 കിലോ ഗ്രാം വരുന്ന ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിേനായി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫയറിംഗ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ ജവാന്മാരെയാണ് ഭീകരർ ലക്ഷ്യമിട്ടത്. അതീവ സുരക്ഷാ മേഖലയായ ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ അതി മാരകമായ പ്രഹരം നടത്താൻ ഭീകരർ കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. 24 മണിക്കൂറും സൈനിക പട്രോളിംഗുള്ള മേഖലയിലേക്ക് ഭീകരർക്ക് എത്തിച്ചേർക്കാനുള്ള വാതിൽ തുറന്ന സുരക്ഷാ പഴുതുകളും പ്രതിരോധ മന്ത്രാലയത്തെ പഴികേൾപ്പിക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് കാശ്മീരിൽ ചാവേറാക്രമണം നടത്തുമെന്ന് ജയ്ഷെ ഭീകരർ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സൂചിപ്പിക്കുന്ന വീഡിയോയും ഇവർ പ്രചരിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ച് നടത്തിയ ആക്രമണമായിരുന്നു ജെയ്ഷെ ഭീകരർ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഈ വിവരങ്ങൾ സംസ്ഥാന ക്രിമിനൽ അന്വേഷണവിഭാഗവുമായും ഇന്റലിജൻസ് വൃത്തങ്ങളുമായും പങ്കുവച്ചിരുന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നിട്ടും ആവശ്യമായ സുരക്ഷാ സന്നാഹങ്ങളോ നടപടികളോ എടുത്തില്ലെന്നും ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

സമീപകാലത്ത് കാശ്മീരിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം കൂടിയാണിത്. 1980 ശേഷം ഇത്ര വലിയൊരു ആൾനാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കാശ്മീരിൽ ഉണ്ടായ 18-ാമത്തെ വലിയ ആക്രമണവും. കാശ്മീരിന്റെ ചരിത്രത്തിൽ നടക്കുന്ന രണ്ടാമത് കാർ ബോംബാക്രമണമാണ് ഇന്നലെയുണ്ടായത്. 2001ൽ ശ്രീനഗർ സെക്രട്ടേറിയേറ്റിനു മുന്നിലായിരുന്നു ആദ്യത്തേത്.

2016ലെ ഉറി ഭീകരാക്രമണത്തിനുശേഷം രാജ്യത്തിനേറ്റ മാരക പ്രഹരമായിരുന്നു ഇന്നലെ നടന്നത്. ഇതിന് ശക്തമായി മറുപടി നൽകാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. സംഭവത്തിനു പിന്നിൽ പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ജെയ്ഷെ ഭീകരരാണെന്ന് വ്യക്തമായതിനാൽ തിരിച്ചടിക്കുമെന്ന് ഇന്നലെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് രാഷ്ട്രീയപരമായി വീണു കിട്ടിയ അവസരം അവർ ഉചിതമായി വിനിയോഗിക്കുക തന്നെ ചെയ്യും. ഇന്നലെ രാത്രി തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ദേശീയ സുരക്ഷാ ഏജൻസികളുടെ അടിയന്തര യോഗം വിളിക്കുകയും ചെയ്തിരുന്നു. ഭീകരർക്ക് മറക്കാനാകാത്ത മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അരുൺ ജയ്റ്ര്‌ലി പ്രതികരിച്ചു.