പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തിലെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടികളിൽ ജനപങ്കാളിത്തക്കുറവ്. ശബരിമല വിഷയം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തി പത്തനംതിട്ടയിൽ സംസാരിച്ചത്.
എന്നാൽ ബി.ജെ.പി കൊട്ടിഘോഷിച്ച പരിപാടിയിൽ വളരെ കുറച്ച് പേർ മാത്രമേ പങ്കെടുത്തിരുന്നള്ളു. യോഗി ആദിത്യനാഥ് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആളുകൾ പുറത്തേക്ക് പോകുന്നതും വീഡിയോയിൽ ദൃശ്യമാണ്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ അയോദ്ധ്യ മാതൃകയിൽ പ്രക്ഷോഭം വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ശബരിമല കേസിലെ സുപ്രിംകോടതി വിധി വിശ്വാസികൾക്ക് എതിരാണ്. അയോദ്ധ്യയിലേയും ശബരിമലയിലേയും ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമം നടക്കുന്നുണ്ട്. ശബരിമല ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. കുംഭമേളയുടെ തിരക്ക് കാരണം ആണ് എത്താൻ കഴിയാതിരുന്നത്. അയോദ്ധ്യയിൽ അനുകൂല വിധിക്കായി ഹിന്ദു സമൂഹം ഏറേ നാളായി കാത്തിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.