ലുധിയാന: മരുമകളെ വിവാഹം കഴിക്കാൻ വേണ്ടി 62കാരനായ പിതാവ് മകനെ വെട്ടിനുറുക്കി. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം. രജ്വിന്ദർ സിംഗിനെയാണ് (40) പിതാവ് ഛോട്ടാസിംഗ് അതിദാരുണമായി കൊലപ്പെടുത്തിയത്. ഛോട്ടാസിംഗിനെ പൊലീസ് അറസ്റ്റുചെയ്തു.
രജ്വിന്ദർ സിംഗ് ഉറങ്ങിക്കിടക്കുമ്പോൾ ഛോട്ടാസിംഗ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി. പിന്നീട് പ്ലാസ്റ്റിക് കവറിലാക്കിയ മൃതദേഹം ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഛോട്ടാസിംഗിന്റെ അനന്തരവനായ ഗുർചരൺ സിംഗ് ഉറക്കമുണർന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീടിനുള്ളിൽ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുർചരൺ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രജ്വിന്ദർ സിംഗും ജസ്വീർ കൗറിനെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. അതേസമയം ജസ്വീറും പ്രതിയുമായും അടുപ്പമുണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി മകനുമായി വാക്കേറ്റമുണ്ടായതായും പൊലീസ് പറഞ്ഞു.