വിഷുക്കാലത്ത് മാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന പച്ചക്കറിയാണ് വെള്ളരി. എന്നാൽ വെള്ളരി വാങ്ങുന്നതിന് പകരം കുറഞ്ഞ ചെലവിൽ നിങ്ങളുടെ വീട്ടിലും കൃഷി ചെയ്യാം. ജനുവരി, ഫെബ്രുവരി മാസമാണ് വെള്ളരി കൃഷി നടത്താൻ ഏറ്റവും അനുയോജ്യമായ കാലയളവ്. ആദ്യം തന്നെ കാർഷിക സർവ്വകലാശാലയിൽ നിന്നോ വില്പന കേന്ദ്രങ്ങൾ നിന്നോ വിത്ത് ശേഖരിക്കണം.
ഏകദേശം 80 ദിവസമാണ് കണിവെള്ളരിയുടെ ആയുസ്. വിത്ത് നടുന്നതിന് മുമ്പ് കൃഷി ചെയ്യാൻ ഉപയോഗിക്കുന്ന മണ്ണ് കൂടി പരിഗണിക്കണം. ഈർപ്പം കൂടിയ മണ്ണാണ് വെള്ളരിക്കൃഷിക്ക് ഉത്തമം. കൊത്തിക്കിളക്കുന്ന മണ്ണിൽ 60 സെ.മീ ചുറ്റളവിൽ 3-4 സെന്റീമീറ്റർ താഴ്ചയിൽ കുഴിയുണ്ടാക്കണം. അതിൽ അഞ്ചോ ആറോ വിത്തിടുകയും ചെയ്യുക. നാലഞ്ച് ദിവസത്തിന് ശേഷം ചെറിയ മുളകൾ പൊട്ടുന്നത് കാണാം.
വിത്ത് മുളച്ച് കഴിഞ്ഞാൽ വളമിടുന്ന കാര്യം മറക്കരുത്. രാസവളവും ജെെവവളവും ഉപയോഗിക്കാവുന്നതാണ്. ദിവസവും രണ്ടുതവണ വെള്ളം ഒഴിച്ചുകൊടുക്കുകയും വേണം. നടുന്ന സമയത്ത് ചാണകപ്പൊടി, എല്ലുപൊടി എന്നിവയും പ്രയോഗിക്കാം. നടുന്ന സമയം, വള്ളി വീശുന്ന സമയം, പൂവിടുന്ന സമയം എന്നിങ്ങനെ വളപ്രയോഗം നടത്താവുന്നതാണ്. രോഗകീടബാധ ഏൽക്കാത്തത് കൊണ്ട് കീടനാശിനി പ്രയോഗത്തിന്റെ ആവശ്യമില്ല.