pulwala-terpulwror-attack

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 44 ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി യോഗം തുടങ്ങി. മൂന്ന് സേന മേധാവികളും മിലിറ്ററി ഓ‌പ്പറേഷൻസ് ഡയറക്ടർ ജനറലും യോഗത്തിൽ പങ്കെടുക്കും. ഐ.ബി,​ റോ മേധാവികളും യോഗത്തിലുണ്ടാകും. തുടർന്ന് സ്‌ഫോടന സ്ഥലം സന്ദർശിക്കും.

ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉച്ചയോടെ ശ്രീനഗറിലെത്തും. ഭീകരാക്രമണത്തിനു പിന്നിൽ സുരക്ഷാവീഴ്ചയെന്ന് ഗവർണർ സത്യപാൽ മാലിക് പറഞ്ഞു. സംഭവത്തിൽ വൻ തോതിൽ സ്‌ഫോടകവസ്‌തുക്കളുമായെത്തിയ വാഹനം തിരിച്ചറിയാൻ കഴിഞ്ഞില്ല. ചാവേർ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജൻസ് വിവരശേഖരണം നടത്തിയില്ലെന്നും ഗവർണർ ആരോപിച്ചു. തെക്കൻ കാശ്‌മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ ലെത്‌പോറയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം നടന്നത്.

സി.ആർ.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങൾ വ്യൂഹമായി ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാർ സാധാരണ ബസുകളിലായിരുന്നു. സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോൾ ഐ.ഇ.ഡി ബോംബുകൾ നിറച്ച എസ്.യു.വി ചാവേർ ഭീകരൻ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസും ഒരു കാറും പൂർണമായി തകർന്നു. ബസിൽ 35 സൈനികരുണ്ടായിരുന്നു. ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾസ്ഥലത്താകെ ചിതറിത്തെറിച്ചു. ബസിന്റെ ഒടിഞ്ഞുമടങ്ങിയ ഇരുമ്പ് ഭാഗങ്ങൾക്കിടയിലും മൃതദേഹങ്ങൾ കുടുങ്ങിയിരുന്നു. ചാവേർ ആക്രമണമായിരുന്നെന്നും വഖാസ് എന്ന ആദിൽ അഹമ്മദ് ദറിനെയാണ് ചാവേർ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിച്ചതെന്നും ജെയ്ഷെ വക്താവ് അറിയിച്ചു. പുൽവാമ ജില്ലയിലെ കാകപോറ സ്വദേശിയായ ആദിൽ അഹമ്മദ് ദർ കഴിഞ്ഞ വർഷമാണ് ജെയ്ഷെ മുഹമ്മദിന്റെ ഭാഗമായത്.