gold

കാസർകോട് : വീട്ടിൽ നിന്നും മോഷണം പോയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം വീട്ടുവളപ്പിലെ തെങ്ങിൻ ചുവട്ടിൽ നിന്നും കണ്ടെത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ രമേശന്റെ വീട്ടിലാണ് ഫെബ്രുവരി പത്തിന് കവർച്ച നടന്നത്. വീടിന്റെ മുൻവശത്തെ വാതിലിലൂടെ അകത്ത് കടന്ന മോഷ്ടാവ് ആഭരണങ്ങൾ കവരുകയായിരുന്നു. മുറിയിൽ രണ്ടിടങ്ങളിലായി സൂക്ഷിച്ച ആഭരണങ്ങൾ പൂർണമായും കവർന്ന സംഭവത്തിൽ ഇരുപത്തഞ്ചോളം പവൻ നഷ്ടമായെന്ന് കാണിച്ച് രമേശ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. എന്നാൽ നഷ്ടമായ സ്വർണാഭരണങ്ങളെല്ലാം തിരികെ കിട്ടിയ ബാഗിലുണ്ടായിരുന്നെന്നും. കൃത്യമായ തൂക്കം നോക്കിയിരുന്നില്ലെന്നതിനാലാണ് പൊലീസിൽ പരാതി നൽകിയപ്പോൾ തെറ്റിയതെന്നും ഗൃഹനാഥൻ വ്യക്തമാക്കുന്നു.

മോഷണം പോയ ദിവസം മുതൽ കേസിൽ ഊർജിതമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. നാട്ടുകാരുടെയടക്കം വിരലടയാളം അന്വേഷണത്തിനായി ശേഖരിച്ചിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താലാണ് സ്വർണം തിരികെ ഉപേക്ഷിക്കാൻ മോഷ്ടാവിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ഹൊസ്ദുർഗ് പോലീസെത്തി കസ്റ്റഡിയിലെടുത്ത ആഭരണങ്ങൾ വെള്ളിയാഴ്ച ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയിൽ ഹാജരാക്കും.