us-pakisthan

വാഷിംങ്ടൺ: പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരർക്കുള്ള എല്ലാ പിന്തുണയും ഉടൻ നിറുത്തണമെന്നും ഭീകര സംഘടനകൾക്ക് സുരക്ഷിത താവളം നൽകരുതെന്നും വെെറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാൻ ആസ്ഥാനമായ ജെയ്‌ഷെ ഇ മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് സംഭവത്തെ അപലപിച്ച് പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാക്കിസ്ഥാനെ വിമർശിച്ച് രംഗത്തെത്തിയത്.

"സ്വന്തം മണ്ണിൽ പ്രവർത്തിക്കാൻ എല്ലാ ഭീകരവാദസംഘടനകൾക്കും അഭയവും പിന്തുണയും നൽകുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെടുകയാണ്"-വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി പത്രകുറിപ്പിൽ പറഞ്ഞു. തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നൽകി.

തെക്കൻ കാശ്‌മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ ലെത്‌പോറയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം നടന്നത്.സി.ആർ.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങൾ വ്യൂഹമായി ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാർ സാധാരണ ബസുകളിലായിരുന്നു. സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോൾ ഐ.ഇ.ഡി ബോംബുകൾ നിറച്ച എസ്.യു.വി ചാവേർ ഭീകരൻ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.