pulwama-terror-attack

ന്യൂഡൽഹി: കശ്‌മീർ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ സ്വപ്നം നടക്കില്ല. ഇന്ത്യ ശക്തമായി മറുപടി നൽകുമെന്നും മോദി വ്യക്തമാക്കി. ദുരന്തത്തിന് മേൽ രാഷ്ട്രീയം പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിനെതിരെ ലോക രാഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കണം.

അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുമെന്നും മോദി കൂട്ടിച്ചേർത്തു. വ്യാപാര രംഗത്ത് ഇന്ത്യ പാക്കിസ്ഥാന് നൽകിയ സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കി. രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രി സമിതി യോഗത്തിനു ശേഷം മാദ്ധ്യമങ്ങള കണ്ട ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി അക്രമികൾക്കും പിന്തുണച്ചവർക്കും ശക്തമായ മറുപടി ഉടൻ തന്നെ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.

വാണിജ്യതലത്തിൽ പാകിസ്ഥാന് നൽകിയിരുന്ന എം.എഫ്.എൻ ( മോസ്‌റ്റ് ഫേവേർഡ് നേഷൻ) പദവിയും ഇന്ത്യ റദ്ദാക്കി. ലോക രാജ്യങ്ങൾക്കിടയിൽ പാകിസ്ഥാനെതിരെ നയതന്ത്രം കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനു മുന്നോടിയായി ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിക്കും.വിദേശകാര്യമന്ത്രാലയം ഇതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ജെയ്‌റ്റ്‌ലി വ്യക്തമാക്കി.