സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണമാണ് കാശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വ്യൂഹത്തിന് നേരെ ഉണ്ടായത്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായി ഇത് മാറുമെന്ന് നഷ്ടപ്പെട്ട ജീവനുകളുടെ കണക്കുകൾ കാണിക്കുന്നു. 2016 സെപ്തംബറിൽ ഉറിയിലെ സൈനിക ക്യാമ്പിന് നേരെയാണ് മറ്റൊരു പ്രധാന ആക്രമണം നടന്നത്. ഇപ്പോഴത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം യു.എൻ. ഭീകര കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന, മസൂദ് അഷർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാൻ അറിയാതെ ഈ ആക്രമണം നടക്കാൻ സാദ്ധ്യത കുറവാണ്.
സംഘർഷഭരിതം
കഴിഞ്ഞ കുറെക്കാലമായി പാക് - കാശ്മീർ സംഘർഷഭരിതമാണ്. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയതോടുകൂടി രംഗം വീണ്ടും വഷളായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2014 ന് ശേഷം ഭീകരാക്രമണങ്ങൾ, കൊല്ലപ്പെട്ട ഭീകരർ, മൃതിയടഞ്ഞ സൈനികർ ,പൗരന്മാർ, ഇവരുടെയല്ലാം എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ ഔദ്യോഗിക കണക്കുകളെക്കാൾ മുകളിലാണ്. അതുപോലെ അതിർത്തിയിലെ സംഘർഷം മൂലമുള്ള നാശനഷ്ടവും ജീവഹാനിയും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2016 ൽ അതിർത്തിയിൽ 449 വെടിവയ്പുകൾ നടന്നപ്പോൾ 2018ൽ അത് 2140 ആയി. 2019 ജനുവരിയിൽ മാത്രം ഇത് 250 ആണ്. കൊല്ലപ്പെട്ട സൈനികരുടെയും അതിർത്തി പ്രദേശത്തെ പൗരന്മാരുടെയും എണ്ണത്തിലും വർദ്ധനയുണ്ട്. ഇതിനോട് ചേർത്ത് വയ്ക്കാവുന്നതാണ് കാശ്മീരിൽ സാധാരണ ജനങ്ങളും സുരക്ഷാസേനയും തമ്മിലുള്ള നിരന്തരമായ കശപിശകൾ.
അടിച്ചമർത്തൽ നയം
മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഭീകരരെ ശക്തമായി നേരിടുകയായിരുന്നു നയം. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വർഷമായി ഒട്ടനവധി കൊടുംഭീകരരെ വധിക്കാൻ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. 2018 ൽ 250 ഭീകരരെ വധിക്കുകയും 54 പേരെ ജീവനോടെ പിടികൂടുകയും ചെയ്തു. എന്നാൽ ഈ അടിച്ചമർത്തൽ നയം ഭീകരതയില്ലാതാക്കാൻ സഹായിച്ചിട്ടില്ലെന്ന് വേണം കരുതാൻ. കാശ്മീർ പോലെയുള്ള, പ്രശ്നങ്ങൾ ഒന്നുംതന്നെ ബലപ്രയോഗം കൊണ്ട് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലാ എന്നതിന് ചരിത്രം സാക്ഷിയാണ്. ചരിത്രവും മതവും ബാഹ്യശക്തികളും ഗറില്ലാ യുദ്ധരീതികളും ഉൾപ്പെട്ട് സങ്കീർണമായ ഈ പ്രശ്നം സൈന്യത്തെ മാത്രം ഉപയോഗിച്ച് പരിഹരിക്കുക ജനാധിപത്യ ഇന്ത്യയ്ക്ക് അത്ര എളുപ്പമല്ല.
അകലുന്ന ജനം
കാശ്മീർ താഴ്വരയിലെ ജനം വലിയ രീതിയിൽ ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കാഴ്ചയാണ് ഈ അടുത്തകാലത്ത് കാണുന്നത്. സുരക്ഷാസൈനികർക്കെതിരെയും തീവ്രവാദികൾക്ക് അനുകൂലമായും ജനകീയ പ്രതിരോധം തീർക്കുന്ന കാഴ്ച സാധാരണമായിട്ടുണ്ട്. ഭീകരരെ തുരത്താൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഈ സാഹചര്യം. കൊടുംതീവ്രവാദികളുടെ ശവസംസ്കാരങ്ങൾക്ക് പോലും വൻ ജനക്കൂട്ടമാണ് പങ്കെടുക്കുന്നത്. ബുർഹാൻ വാനിയുടെ വധവുമായി ബന്ധപ്പെട്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്കൂൾ വിദ്യാർത്ഥികൾ ഇന്ത്യൻ സൈന്യത്തിനെതിരെ കല്ലെറിഞ്ഞത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. തദ്ദേശീയ തീവ്രവാദികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഈ കാലഘട്ടത്തിൽ കണ്ടത്. 2018 ൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ആകെ 35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെങ്കിലും കാശ്മീർ താഴ്വരയിൽ ഇത് ആറ് ശതമാനത്തിൽ താഴെയാണ്.
പാകിസ്ഥാന്റെ പങ്ക്
ജയ്ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയതെങ്കിൽ പാകിസ്ഥാനിലെ അവരുടെ മേലാളന്മാർ അറിയാതിരിക്കില്ല. ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണം നടത്തുക എന്നത് പാകിസ്ഥാന്റെ ഔദ്യോഗിക നയമാണ്. ഇതിന് കിട്ടുന്ന ഒരു അവസരവും പാകിസ്ഥാൻ നഷ്ടപ്പെടുത്താറില്ല. ഉറിയിലും മുംബയിലും പാർലമെന്റിന് നേരെയും നടന്ന ആക്രമണങ്ങളിൽ പാകിസ്ഥാന്റെ പങ്ക് സുവ്യക്തമാണ്. പാകിസ്ഥാന് കാര്യമായ ധനനഷ്ടമോ സൈനിക പരിക്കുകളോ ഇല്ലാതെ നടത്താവുന്ന നിഴൽ യുദ്ധത്തിന് മറ്റൊരു ഉദാഹരണമാണ് പുൽവാമയിൽ അരങ്ങേറിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും താലിബാന്റെ തിരിച്ചുവരവും ഇത്തരം ആക്രമണങ്ങൾ നടത്താൻ പാകിസ്ഥാന് വർദ്ധിതവീര്യം നൽകുന്നുണ്ട്.
തിരിച്ചടിക്കുമോ?
ഇനി എന്ത് എന്നതാണ് ഇന്ത്യയെ സംബന്ധിച്ച പ്രധാനപ്രശ്നം. ആയുധശക്തികൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല കാശ്മീർ. ഇന്ത്യൻ ദേശീയതയിൽ നിന്ന് അകന്നുപോയ തദ്ദേശീയരുടെ വിശ്വാസം നേടിയെടുക്കുകയാണ് പ്രധാനം. ചർച്ചകളിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ കാലാവസ്ഥ ഇത് അനുവദിക്കുന്നില്ല. മാത്രമല്ല, പാകിസ്ഥാനെയും ഭീകരതയെയും തവിടുപൊടിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ബി.ജെ.പി സൈനികശക്തികൊണ്ട് പ്രശ്നം പരിഹരിക്കാൻ നടത്തിയ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയാണിത്. അതുകൊണ്ടുതന്നെ പ്രത്യേകിച്ചൊന്നും നേടാൻ കഴിയില്ലെങ്കിലും സർജിക്കൽ സ്ട്രൈക് പോലുള്ള ഒരു തിരിച്ചടിയുടെ സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ല. കാശ്മീർ പ്രശ്നപരിഹാരത്തെക്കാൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സമ്മർദ്ദം ഇത് അനിവാര്യമാക്കുന്നു.
( ലേഖകൻ കേരളസർവകലാശാലയിൽ പൊളിറ്റിക്സ്
വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)