കോഴിക്കോട് : ഒഞ്ചിയത്തെ മണ്ണിൽ വീണ്ടും സി.പി.എമ്മിന് കാലിടറി. ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർ.എം.പിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച പി.ശ്രീജിത്തിന് വമ്പൻ വിജയം. ഇവിടെ 308 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായ രാജാറാം തൈപ്പള്ളിയെ ആർ.എം.പി തോൽപിച്ചത്. കേവലം ഒരു പഞ്ചായത്തിലെ വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് സി.പി.എം വൻ പ്രാധാന്യമാണ് നൽകിയിരുന്നത്. സംസ്ഥാന നേതാക്കളടക്കം ഇവിടെ പ്രചാരണ പരിപാടികൾക്കായി എത്തിയിരുന്നു. കൂടാതെ അഭിമാന പോരാട്ടം ലക്ഷ്യം വച്ചാണ് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ രാജാറാം തൈപ്പളളിയെ സ്ഥാനാർത്ഥിയായി നിർത്തിയത്.
പഞ്ചായത്തംഗമായിരുന്ന എ.ജി ഗോപിനാഥിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആർഎംപിയുടെ കരുത്ത് വ്യക്തമാക്കുന്നതാണ് വിജയമെന്ന് ആർ.എം.പി നേതാവ് എൻ. വേണു അഭിപ്രായപ്പെട്ടു.