vasanthakumar

വയനാട്: പുൽവാമ ഭീകരാക്രമണത്തിൽ വയനാട് സ്വദേശി വസന്തകുമാറിന്റെ വീരമൃത്യു രാജ്യത്തിനു വേണ്ടിയാണെന്നതിൽ അഭിമാനം മാത്രമെയുള്ളുവെന്ന് അദ്ദേഹത്തിന്റെ കുടുംബം. വയനാട് ലക്കിടി സ്വദേശിയാണ് വസന്തകുമാർ. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരർ ചാവേറാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ വസന്തകുമാറടക്കം 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

18 വർഷമായി വസന്തകുമാർ സൈനികസേവനം ആരംഭിച്ചിട്ട്. ഇനി രണ്ട് വർഷം കൂടിയേ റിട്ടയർമെന്റിന് ഉണ്ടായിരുന്നുള്ളൂ. ഇക്കഴിഞ്ഞ രണ്ടാം തീയതി ലീവിന് നാട്ടിൽ വന്നിരുന്നു. തുടർന്ന് ഒമ്പതിനു തന്നെ മടങ്ങുകയും ചെയ്തു. കാശ്മീരിൽ എത്തിയ ഉടനെ അമ്മയെയാണ് ആദ്യം വിളിച്ചത്. നല്ള തണുപ്പാണെന്ന് അറിയിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വസന്തകുമാറിന് ഗുരുതരമായി പരിക്കേറ്റ വിവരം സൈനിക ഉദ്യോഗസ്ഥർ വീട്ടിൽ വിളിച്ച് അറിയിക്കുകയായിരുന്നു.


വിവാഹിതനായ വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്. അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചിരുന്നു. മരണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ലക്കിടിയിലെ വീട്ടിലാകും മൃതദേഹം കൊണ്ടുവരിക എന്നാണ് ലഭിക്കുന്ന വിവരം.