sreesanth

സൽമാൻ ഖാൻ അവതാരകനായെത്തിയ ഹിന്ദി റിയാലിറ്റി ഷോയായ ബിഗ് ബോസിൽ നിറഞ്ഞു നിന്ന മത്സരാർത്ഥിയായിരുന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. ഷോ ആവസാനിച്ചെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയിരുന്നില്ല. ഷോയിൽ വിജയിയായ ദീപിക കാക്കറിന്റെ ആരാധകർ ശ്രീശാന്തിനെതിരെ സോഷ്യൽമീഡിയയിൽ തുടരുന്ന അധിക്ഷേപത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി.

‘വിഡ്ഢികൾ കത്തിയെടുത്ത് പിറകിൽ നിന്ന് കുത്തും. എന്നാൽ, ബുദ്ധിമാൻമാർ കത്തിയെടുത്ത് ചരട് മുറിച്ച് വിഡ്ഢികളിൽ നിന്ന് അകന്ന് നിൽക്കും’ എന്നായിരുന്നു ഭുവനേശ്വരി ട്വീറ്റിലൂടെ പ്രതികരിച്ചത്. ഇൻസ്റ്റാഗ്രാമിൽ ശ്രീശാന്ത് ദീപികയെ അൺഫോളോ ചെയ്‌തതിൽ നിന്നാണ് പുതിയ പ്രശ്‌നങ്ങളുടെ തുടക്കം. ‘‘എന്റെ ഭാര്യ ഭുവനേശ്വരിയെ ദീപിക അൺഫോളോ ചെയ്‌തു. അതിനാൽ ദീപികയെ ഞാൻ അൺഫോളോ ചെയ്യുന്നു. ഭാര്യയെ ബഹുമാനിക്കാത്തവരെ എനിക്ക് ബഹുമാനിക്കാനാവില്ല. ദീപികയുടെ ആരാധകർ എന്റെ ഭാര്യയേയും മക്കളേയും അപമാനിക്കുന്നു.

അത് വിലക്കേണ്ടത് ദീപികയുടെ ചുമതലയാണ്. എന്നാൽ അവർ അത് ചെയ്യുന്നില്ല. ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നുമില്ല’’ എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇതോടെ ആരാധകർ വീണ്ടും കയർത്തു. ഇതിനു പിന്നാലെയാണ് ഭുവനേശ്വരിയുടെ ട്വീറ്റ്. സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ലെന്നും ഭുവനേശ്വരി ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.