സമാനതകളില്ലാത്ത പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ മനസ് മരവിച്ച് നോക്കി നിൽക്കാനേ നമുക്കായുള്ളു. പ്രളയത്തിന് ശേഷം മാസങ്ങൾ ആറേഴു കഴിഞ്ഞെങ്കിലും പാലക്കാട് പോലുളള ജില്ലകളിൽ പ്രളയം ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ കണക്കില്ലാത്തതാണ്. പ്രളയകാലത്ത് ഈ പ്രദേശങ്ങളിൽ വനത്തിനുള്ളിലും നിരവധി ഉരുൾപൊട്ടലാണ് ഉണ്ടായത്. കനത്തമഴയിൽ ആദവനാട് മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണ് വൻ അപകടമാണ് ഉണ്ടായത്. തോട്ടം തൊഴിലാളികളായ നിരവധി ആദിവാസി വിഭാഗങ്ങൾ ഭയപ്പാടോടെയാണ് ഇന്നും ഈ പ്രദേശത്ത് ജീവിക്കുന്നത്. ഉരുൾപൊട്ടലുണ്ടാവുന്നതിന് മുൻപ് തന്നെ ഈ പ്രദേശങ്ങളിൽ ഭൂമി വിണ്ടുകീറിയിട്ടുണ്ടായിരുന്നു.
വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയെന്നോണം സോയിൽ പൈപ്പിങ്ങിന്റെ ലക്ഷണങ്ങൾ ഇവിടെ ധാരാളം കണ്ട് തുടങ്ങിയിട്ടുണ്ട്. പ്രളയകാലത്തും ഉയർന്ന മേഖലകളിൽ ഇത്തരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. വനപ്രദേശത്താണ് ഇത്തരത്തിൽ വൻ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.
നെല്ലിയാമ്പതിയിൽ പ്രകൃതി നൽകുന്ന സൂചനകൾ പഠന വിധേയമാക്കേണ്ടതുണ്ട്. കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണ് ഈ വിഷയം അന്വേഷിക്കുന്നു.