ജമ്മു കാശ്മീരിൽ സി.ആർ.പി.എഫ് ജവാൻമാരുടെ വാഹനവ്യൂഹത്തിന് നേരെ ജയ്ഷെ ഭീകരർ നടത്തിയ ചാവേർ കാർബോംബാക്രമണത്തിൽ ജവാൻമാർ വീരമൃത്യു വരിച്ച സംഭവത്തിൽ സൈനികർക്ക് ആദരാഞ്ജലികളർപ്പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സൈനിക ശക്തിയിൽ ലോകത്തിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി എഴുപത്തിമൂന്ന് വർഷങ്ങളായിട്ടും കാശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതെന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു.
രാജ്യസ്നേഹം കൊണ്ട് രാജ്യസഭയിലും ലോക്സഭയിലും നിയമസഭയിലും കയറിപ്പറ്റുന്നവരോ അവരുടെ മക്കളോ സൈനിക സേവനത്തിനു പോകാത്തതെന്ത്കൊണ്ടാണെന്ന് ജോയ് മാത്യും ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.ചുരുങ്ങിയത്ര രണ്ടുവർഷമെങ്കിലും രാജ്യത്തിനുവേണ്ടി സൈനിക സേവനം നടത്തിയിട്ടുള്ളവർ ആയിരിക്കണം നമ്മുടെ ജനപ്രതിനിധികൾ. അപ്പോൾ മാത്രമേ അതിർത്തികളിൽ രാജ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കുന്ന സൈനികന്റെ ജീവിതം അറിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത്തിമൂന്നു വർഷങ്ങളായിട്ടും
ഇന്നും പരിഹരിക്കാൻ
കഴിയാത്ത,
മനുഷ്യ മാംസം പുകയുന്ന മണ്ണായി
കാശ്മീർ നമുക്കുമുന്നിലുണ്ട്.
സൈനിക ശക്തിയിൽ
ലോകത്ത്
ഇന്ത്യക്ക്
നാലാംസ്ഥാനം
ഇന്റലിജൻസ് മേഖലയിലാണെങ്കിൽ മൂന്നാം സ്ഥാനം.
എന്നിട്ടും
മാറിമാറി വന്ന ഒരു ഗവർമ്മെന്റിനും
കാശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നത് എന്ത് കൊണ്ടാണ്?
ബോഫേഴ്സ് മുതൽ റാഫേൽ വരെ നീണ്ടുകിടക്കുന്ന സൈനീക രംഗവുമായി ബന്ധപ്പെട്ട
അഴിമതി കഥകളിലെ
നായക വില്ലൻ വേഷങ്ങൾ ആടിത്തീർക്കുന്നതിലാണല്ലോ നമ്മുടെ ഭരണകർത്താക്കൾക്ക് ഹരം.
രാജ്യസ്നേഹം കൊണ്ട് പൊറുതിമുട്ടി രാജ്യസഭയിലും
ലോകസഭയിലും
നിയമസഭയിലും
കയറിപ്പറ്റുന്നവരോ അവരുടെ മക്കളോ
സൈനിക സേവനത്തിനു പോകാത്തതെന്ത്?
ചുരുങ്ങിയത് രണ്ടുവർഷമെങ്കിലും
രാജ്യത്തിനുവേണ്ടി
സൈനിക സേവനം
നടത്തിയിട്ടുള്ളവർ
ആയിരിക്കണം
നമ്മുടെ
ജനപ്രതിനിധികൾ.
അപ്പോൾ മാത്രമേ
അതിർത്തികളിൽ
രാജ്യത്തിനു വേണ്ടി
സ്വന്തജീവൻ ബലിയർപ്പിക്കുന്ന
സൈനികന്റെ ജീവിതം
അറിയൂ ;പഠിക്കൂ.
വീരചക്രങ്ങളും
പുഷ്പ ചക്രങ്ങളുമല്ല
ജവാന്മാർക്ക് നൽകേണ്ടത്.
കമ്മീഷൻ അടിച്ചുമാറ്റാനായി
ഉപയോഗ്യമല്ലാത്തതും
കാലഹരണപ്പെട്ടതുമായ
പടക്കോപ്പുകൾ
അണിയിച്ചു അവരെ
ഭീകരർക്ക് ബലികൊടുക്കാതിരിക്കുകയാണ് വേണ്ടത്.
ജയ് മൊഹമ്മദ് പോലെയുള്ള
ഭീകരസംഘടനകളെ വേരോടെ പിഴുതെറിയാനുള്ള
മനോവീര്യം നമ്മുടെ സൈനീകർക്കുണ്ടാകട്ടെ.
കാശ്മീരിൽ ബലിയായ
ധീരജവാന്മാർക്ക് ആദരാഞ്ജലികൾ
ജയ് ജവാൻ
ജയ് കിസാൻ