കൈയിൽ വന്നു കയറിയ ഇരയാണ് തങ്ങളുടെ മുന്നിൽ വച്ച് കൊല്ലപ്പെട്ടത്. ആറുപേർ ഉണ്ടായിട്ടും അതു സംഭവിച്ചത് തങ്ങളുടെ തോൽവിയായിത്തന്നെ അവർ കണ്ടു.
''ഛേ.. എന്നാലും..." ഉദേഷ്കുമാറിന്റെ മുഷ്ടികൾ മുറുകി. എസ്.പി സാറിനോട് ഇനി എന്തു പറയും?"
ബഞ്ചമിനിൽ പക്ഷേ യാതൊരു ഭാവഭേദവും ഉണ്ടായില്ല. അയാൾ വീണ്ടും കസേരയിൽ ഇരുന്നു.
''ഇത് നമ്മുടെ മാത്രം പരാജയമല്ല ഉദേഷേ... എസ്.പി സാർ അടക്കമുള്ള മുഴുവൻ പോലീസിന്റെയും പരാജയമാണ്. കാരണം നമ്മുടെ ഡിപ്പാർട്ട്മെന്റിൽ തന്നെയുള്ള ആരെങ്കിലും ഒറ്റിക്കൊടുക്കാതെ ശത്രുക്കൾക്ക് ഈ രഹസ്യകേന്ദ്രത്തെക്കുറിച്ചുള്ള വിവരം കിട്ടില്ലല്ലോ."
അത് ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നി.
വിജയയ്ക്ക്, സ്പാനർ മൂസയുടെ ബോഡിയിലേക്കു നോക്കുവാൻ പോലും ഭീതി തോന്നി.
ആ കണ്ണുകൾ തന്നെ തുറിച്ചുനോക്കുന്നതു പോലെ....
ആർജവ് സെൽഫോൺ എടുത്ത് എസ്.പി അരുണാചലത്തിനു മെസേജ് നൽകി.
പതിനഞ്ചു മിനിട്ടിനുള്ളിൽ എസ്.പി എത്തി. അയാൾ പുറത്തുനിന്ന് അടച്ചിരുന്ന വാതിൽ തുറന്നു.
''സാർ..."
അവർ അറ്റൻഷനായി.
എസ്.പി തങ്ങളെ കുറ്റപ്പെടുത്തുമെന്ന് അവർക്കു സംശയമുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല.
മൂസയുടെ ശവശരീരത്തിൽ ആകമാനം ഒന്നു ശ്രദ്ധിച്ചിട്ടു പറഞ്ഞു.
''ആദ്യം ശുദ്ധിയാക്കേണ്ടത് നമ്മുടെ ഡിപ്പാർട്ട്മെന്റിനെ തന്നെയാണ്. പുറത്ത് പാറാവുനിന്നിരുന്ന കോൺസ്റ്റബിൾ മരിച്ചുകിടപ്പുണ്ട്. ഇനി ആകെയുള്ള പ്രതീക്ഷ സിസിടിവി ദൃശ്യങ്ങൾ നോക്കുക എന്നുള്ളതാണ്."
''ഈ ബോഡി?"
ബിന്ദുലാൽ സന്ദേഹത്തോടെ എസ്.പിയെ നോക്കി.
''ഒരു ബോൺ ക്രിമിനൽ കൊല്ലപ്പെട്ടതിന്റെ പേരിൽ ഒരു നാറിയ രാഷ്ട്രീയക്കാരനും കൊടിയും പൊക്കിപ്പിടിച്ച് എന്റെ ഓഫീസിനു മുന്നിലേക്കു വന്നുകൂടാ. ഒരുത്തനും കാണരുത് ഇവനെ. മനസ്സിലാകുന്നണ്ടല്ലോ...."
''യേസ് സാർ."
ആറുപേരും ഒന്നിച്ചു പറഞ്ഞു.
''പക്ഷേ മരണപ്പെട്ട നമ്മുടെ സബോഡിനേറ്റ്..."
വിജയ സംശയം പ്രകടിപ്പിച്ചു.
''ഉം." അരുണാചലം അമർത്തി മൂളി. ശത്രുക്കൾ ആരെന്നു കണ്ടിട്ട് നമ്മൾ അവരെ പൊക്കും. അതിനുശേഷം തീരുമാനിക്കും അത്."
എസ്.പി തിരിഞ്ഞു.
''കമിൻ. സമയം പാഴാക്കാനില്ല. സി.സി. ടിവി ദൃശ്യങ്ങൾ ഇപ്പോൾത്തന്നെ പരിശോധിക്കണം."
അവർ മറ്റൊരു മുറിയിലേക്കു പോയി. അവിടെയായിരുന്നു റിക്കാർഡിംഗ് സെന്റർ. ആ കെട്ടിടവും പരിസരവും മാത്രം അടങ്ങുന്ന സിസിടിവി ക്യാമറകൾ കണക്ടു ചെയ്തിരുന്ന ഡിജിറ്റൽ വീഡിയോ റിക്കാർഡർ അവിടെയാണുള്ളത്.
അരുണാചലം അതിൽ നിന്ന് ഹാർഡ് ഡിസ്ക് എടുത്ത് മുന്നിലെ മേശപ്പുറത്തിരുന്ന കംപ്യൂട്ടറിൽ ഇട്ടു. ഇൻഫ്രാറെഡ് ക്യാമറകൾ ആയിരുന്നതിനാൽ രാത്രിദൃശ്യങ്ങളും കാണാനാവും എന്ന് അരുണാചലത്തിന് അറിയാം.
മോണിട്ടറിൽ ചിത്രങ്ങൾ തെളിഞ്ഞു തുടങ്ങി.
എല്ലാവരും എസ്.പിക്ക് പിന്നിൽ നിന്ന് കംപ്യൂട്ടറിലേക്കു സൂക്ഷിച്ചുനോക്കി.
ഒന്നര മണിക്കൂർ മുൻപുവരെയുള്ള ദൃശ്യങ്ങൾ അരുണാചലം ഓടിച്ചു കളഞ്ഞു. രാത്രിദൃശ്യങ്ങളിൽ, പകൽ പോലെ നിറങ്ങൾ വ്യക്തമല്ലെന്നു മാത്രം.
പെട്ടെന്നു കണ്ടു...
പാറാവു നിന്നിരുന്ന കോൺസ്റ്റബിൾ പ്രഭാകരൻ ചുറ്റും നോക്കിക്കൊണ്ട് ആർക്കോ ഫോൺ ചെയ്യുന്നു.
ശേഷം ഒരു കസേരയിൽ ഇരിക്കുന്നു... ആ രംഗവും കുറച്ചുകൂടി ഓടിച്ചുവിട്ടു അരുണാചലം.
പിന്നീട്....
ഗേറ്റിലൂടെ അകത്തേക്കു പാഞ്ഞുവരുന്ന രണ്ട് തീക്കണ്ണുകൾ... ആ വാഹനം മുറ്റത്തേക്കു കയറി ബ്രേക്കിട്ടു.
ഒരു വെളുത്ത സുമോ വാൻ.
അതിനു നമ്പർ പ്ളേറ്റ് ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ കണ്ടു.
പ്രഭാകരൻ പെട്ടെന്ന് എഴുന്നേൽക്കുന്നു. ചുറ്റുപാടും നോക്കിക്കൊണ്ട് സുമോയ്ക്ക് അടുത്തേക്കു ചെല്ലുന്നു...
''അയാൾക്ക് ഒരു കള്ളക്കളിയുണ്ടല്ലോ..." വിഷ്ണുദാസ് പിറുപിറുത്തു.
സുമോയുടെ ഡ്രൈവർ ഭാഗത്തെ ഗ്ളാസ് പതുക്കെ താഴുന്നു.
നോക്കി നിന്നവർക്ക് നെഞ്ചിടിപ്പു വർദ്ധിച്ചു.
പ്രഭാകരൻ അകത്തേക്കു ശിരസ്സു കടത്തി ആരോടോ സംസാരിക്കുന്നു.
പിന്നെ കെട്ടിടത്തിന്റെ വാതിലിനു നേർക്കു കൈ ചൂണ്ടുന്നു... തുടർന്ന് അയാൾ പിന്നിലേക്കു മാറുന്നു.
സുമോയിൽ നിന്ന് നാലുപേർ ഇറങ്ങുന്നു.
അവർ കണ്ണുമാത്രം കാണത്തക്ക വിധത്തിലുള്ള മുഖം മൂടി ശിരസ്സിലൂടെ വലിച്ചു താഴ്ത്തിയിരുന്നു.
പ്രഭാകരന്റെ പിന്നാലെ അവർ വാതിൽക്കലേക്കു നടക്കുന്നു... പ്രഭാകരൻ വാതിൽ തുറന്നു കൊടുക്കുന്നു...
അടുത്ത നിമിഷം പ്രഭാകരന്റെ പിന്നിൽ നിന്ന് ഒരാൾ ഒരു കനത്ത പ്ളാസ്റ്റിക് ചരട് എടുക്കുന്നു...
അത് വീശി അയാളുടെ കഴുത്തിലൂടെയിട്ട് വലിച്ചു മുറുക്കുന്നു....
(തുടരും)