rose

കൊല്ലം: പ്രണയ ദിനത്തിൽ കാമുകനെ ചൊല്ലി കാമിനിമാർ കലഹിച്ചു. ജില്ലയിലെ ഒരു സർക്കാർ നിയന്ത്രണ സ്ഥാപനത്തിൽ ഇന്നലെയായിരുന്നു പ്രണയദിന 'കലാപരിപാടി' അരങ്ങേറിയത്. സ്ഥാപനത്തിലെ തലവന്റെ തൊട്ടുതാഴെയുള്ള സീറ്റിലെ യുവാവിന് കുറെ ചുവന്ന പൂക്കൾ ഒരു ജീവനക്കാരി കാലേക്കൂട്ടി ഓഫീസിലെത്തി സമ്മാനിച്ചു. ഈ സ്‌നേഹ പൂക്കൾ വാടാതെ സൂക്ഷിക്കാൻ കൈയിൽ കൊണ്ടുനടക്കുന്നതിനിടെ അദ്ദേഹത്തിന് മറ്റ് ചില ആരാധികാർ പ്രണയ ദിന സ്‌നേഹോപഹാരങ്ങൾ രഹസ്യമായി നൽകി. ഉച്ചയോടെയാണ് തങ്ങളുടെ പ്രണയ ഭാജനം മറ്റ് പലരുടെയും കാമുകനാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. ഇതോടെ ഇവർ തമ്മിൽ ചില്ലറ കലപില ഉണ്ടായത്രെ.

പ്രണയ ദിനം പകുതി പിന്നിട്ടപ്പോൾ തന്നെ സ്‌നേഹ പൂക്കൾ ഓഫീസ് കോമ്പൗണ്ടിൽ വെയിലേറ്റ് വാടിയെന്ന് വരെ സംസാരമുണ്ട്. ഇതിനിടെ മറ്ര് ചില അസൂയ പൂക്കൾ വിവരം സ്ഥാപനത്തിന്റെ അധിപനെ അറിയിക്കാനും മറന്നില്ല. എന്നാൽ അദ്ദേഹം തന്റെ ജീവനക്കാരെ അഭിനന്ദിക്കാനാണ് മുതിർന്നത്.