സ്കൂൾ ജീവിതം പ്രത്യേകിച്ച് പ്ളസ് ടുക്കാലം എന്ന് പറയുന്നത് എല്ലാവരുടേയും മനസിൽ ഒളിമങ്ങാത്ത ഓർമയായി നിൽക്കുന്നതാണ്. ജീവിതത്തിലെ ഏറ്റവും നിർണായകമാകുന്ന അഞ്ച് വർഷങ്ങളിൽ ആദ്യത്തെ ഘട്ടം അവിടെ തുടങ്ങുന്നു. അവിടെ വിജയിച്ചാൽ പിന്നീട് യാത്ര എളുപ്പമാകും. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ജൂൺ എന്ന സിനിമയിൽ, നായികയായ ജൂണിനോട് മാതാപിതാക്കൾ പറയുന്നതും ഇതാണ്. സ്ത്രീ കേന്ദ്രീകൃത കഥയിലൂടെ തന്റെ അരങ്ങേറ്റം ശ്രദ്ധേയമാക്കാനുള്ള സംവിധായകന്റെ തീവ്രത്വരയും ഈ സിനിമയിൽ കാണാം.
ജൂണിൽ എന്ത് പ്രതീക്ഷിക്കാം
ജൂൺ എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസിൽ ഓടിയെത്തുക ഗൃഹാതുരത്വം ഉണർത്തുന്ന പെരുമഴക്കാലമാണ്. മഴക്കാലത്ത് സ്കൂൾ തുറക്കുകയും മദ്ധ്യവേനലിൽ അടയ്ക്കുകയും ചെയ്യുന്ന ഒരു വർഷത്തെ സ്കൂൾ കാലത്തിലൂടെയാണ് സംവിധായകനും പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. പക്ഷേ, ആദ്യ പകുതിയിൽ കുട്ടിക്കളിയും ഇന്ദ്രിയങ്ങളെ തൊട്ടുണർത്തുന്ന ആസക്തിയെ കേവലം പ്രണയമായി വ്യാഖ്യാനിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. പ്ളസ് ടു കാലം ആകുമ്പോൾ മീശ ചെറുതായി മുളച്ച പയ്യന്മാരും കുരുവുള്ള മുഖവുമായി എത്തുന്ന പെണ്ണും പ്രണയദാഹം അറിയാൻ തുടങ്ങുന്നു എന്ന പൊതുവായ ചിന്താഗതിയെ അഹമ്മദ് കബീറും ഇവിടെ നന്നായി ഉപയോഗിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ വരൾച്ചയിൽ തുടങ്ങി പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കൂടിച്ചേരലുകൾ പെയ്യിക്കുന്ന മഴക്കാലത്തിൽ അവസാനിക്കുന്ന തരത്തിലാണ് ജൂൺ എന്ന സിനിമയെ സംവിധായകൻ ഒരുക്കിയിരിക്കുന്നത്. തികച്ചും ലളിതമായ പ്ളോട്ടിൽ ഒരുക്കിയിരിക്കുന്ന സിനിമ, പക്ഷേ, കാൽപനികതയെ ഏറെ ആഘോഷിക്കാനും ശ്രമിച്ചിരിക്കുന്നു. അച്ഛന്റേയും അമ്മയുടേയും തണലിൽ വളരുന്ന മക്കൾക്കിടയിൽ മൊട്ടിടുന്ന പ്രണയത്തിന്റെ ആയുസ് എത്രയാണെന്ന് ഉറച്ച ബോദ്ധ്യമുള്ളപ്പോഴും അതുമായി മുന്നോട്ട് പോകാൻ നിർബന്ധിതമാകുകയും പിന്നീട് മാതാപിതാക്കൾക്ക് വേണ്ടി ആണോ, പെണ്ണോ (മിക്കപ്പോഴും പെണ്ണ്) ആരെങ്കിലുമൊരാൾ പിന്മാറുന്ന പഴയ വ്യവസ്ഥിതി തന്നെ ഇവിടെയും സംവിധായകൻ സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ അതിനാടകീയതയുടെ അതിപ്രസരം സിനിമയിലുടനീളം കാണാം.
രജിഷ വിജയൻ അവതരിപ്പിക്കുന്ന ജൂൺ എന്ന പെൺകുട്ടിയുടെ 17 മുതൽ 25 വയസ് വരെയുള്ള ജീവിതമാണ് ഈ സിനിമ. ആദ്യ പ്രണയം, ആദ്യ ജോലി, അവളുടെ മതിഭ്രമങ്ങൾ തുടങ്ങിയുള്ള ആദ്യാനുഭവങ്ങളെയാണ് സിനിമ വരച്ചു കാട്ടുന്നത്. മുൻകാമുകനെ കാണുന്നതിന് വേണ്ടി മാത്രം അവൻ ജോലി ചെയ്യുന്ന മഹാനഗരത്തിലേക്ക് പോകുന്ന ഒരുതരം അമച്വറായ രീതിയും സിനിമയിൽ കാണാം. അഹമ്മദ് കബീർ, ജീവൻ ബേബി, ലിബിൻ വർഗീസ് എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന തിരക്കഥയ്ക്ക് പലയിടത്തും ബലക്കുറവ് പ്രേക്ഷകന് അനുഭവിച്ചറിയാനാകും.
ആദ്യ പകുതിയിൽ സിപ്പ് അപ്പ് ഉറുഞ്ചിക്കുടിക്കുന്ന സ്കൂൾ കാലത്തിലും അവിടെ മൊട്ടിടുന്ന സോപ്പുകുമുളിയുടെ ആയുസുള്ള പ്രണയത്തിലും ചുറ്റിത്തിരിയുന്നു സിനിമ. എന്നാൽ, രണ്ടാം പകുതിക്ക് ശേഷം സിനിമ കുറച്ച് കൂടി മെച്ചപ്പെടുന്ന തരത്തിലേക്ക് വഴിമാറുന്നുണ്ട്. യൗവനയുക്തയായ പെൺകുട്ടി തന്റെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് സഞ്ചരിക്കുന്നത് ഇവിടെയാണ്. വൈകാരികതയെ കൂടുതലായി ഉപയോഗിച്ച് കുടുംബപ്രേക്ഷകർക്ക് ഫീൽ ചെയ്യുന്ന തരത്തിലാണ് രണ്ടാം പകുതി. അതിനാൽ തന്നെ ആദ്യ പകുതിയെക്കാൾ ആസ്വാദനമികവ് പ്രേക്ഷകർക്ക് ഇവിടെ ലഭിക്കുമെന്ന് സാരം.
അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ എലി എന്ന എലിസബത്തിനെ അവതരിപ്പിച്ച് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ രജിഷ വിജയൻ 2018ൽ ബ്രേക്ക് എടുത്തിരുന്നു. നാടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രജിഷയുടെ ജൂൺ എന്ന ഈ സിനിമയിലെ കഥാപാത്രം പ്രേക്ഷകർക്ക് നവ്യാനുഭവം സമ്മാനിക്കുന്നതാണ്. ആറ് ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന രജിഷ കഥാപാത്രത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നതും വിസ്മരിക്കാനാകില്ല. ഒരു പക്ഷേ, എലിയെക്കാൾ മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് പറയേണ്ടേി വരും. രജിഷയ്ക്കൊപ്പം ആണും പെണ്ണുമടക്കം 16 പുതുമുഖങ്ങളാണ് സിനിമയിലൂടെ അരങ്ങേറിയിരിക്കുന്നത്. രജിഷയുടെ ജോഡിയായി എത്തുന്നത് സർജാനോ ഖാലിദാണ്. ഹരീശ്രി അശോകന്റെ മകൻ അർജുൻ അശോക്, ജോജു ജോർജ്, അശ്വതി മേനോൻ, അജു വർഗീസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
വാൽക്കഷണം: ജൂൺ ആണെങ്കിലും വരൾച്ചയാണ്
റേറ്റിംഗ്: 2 /5