pocso-case

തിരുവനന്തപുരം: പോക്സോ കേസിൽ പ്രതിയായ തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അൽ ഖാസിമുമായി എസ്.ഡി.പി.ഐക്ക് ബന്ധമില്ലെന്ന് തിരുവനന്തപുരം ജില്ലാ നേത്യത്വം. പാർട്ടിയുടെ പേരുപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും എസ്‍.ഡി.പി.ഐ വ്യക്തമാക്കി. അതേസമയം, ഒളിവിൽ കഴിയുന്ന ഇമാം കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന.

സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇമാമിനെതിരെ മൊഴി നൽകാതിരിക്കാൻ അമ്മയും ഇളയച്ചനും നിർബന്ധിച്ചെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം കീഴടങ്ങാനായി ഇമാമിന് മേൽ പൊലീസ് സമ്മർദ്ദം ശക്തമാക്കി. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെൺകുട്ടി മൊഴി നൽകാൻ തയ്യാറായിരുന്നില്ല.

മൂന്ന് ദിവസം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണത്തിൽ കൗൺസിലിംഗ് നൽകിയ ശേഷമാണ് പെൺകുട്ടി മൊഴി നൽകിയത്. അമ്മയും ഇളയച്ചനും മൊഴി നൽകുന്നത് വിലക്കിയിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണോദ്യോഗസ്ഥനായ നെടുമങ്ങാട് ഡി.വൈ.എസ്‌.പി ഡി അശോകൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളിൽ നിന്ന് വിശദമായ മൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.

മുമ്പും ഇമാമിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇമാം ഹെെക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സി.പി.എം രാഷ്ട്രീയ വെെരാഗ്യം തീർക്കുകയാണെന്നും, ​കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇമാം പറഞ്ഞു. എസ്.ഡി.പി.ഐ വേദിയിൽ സംസാരിച്ചതിന് സി.പി.എമ്മിന് വിരോധമുണ്ടെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.