കൊച്ചി: പെരിയാറിൽ മംഗലപ്പുഴ വിദ്യാഭവൻ സെമിനാരിയുടെ കടവിൽ കരിങ്കല്ലിൽ കെട്ടിത്താഴ്‌ത്തിയ നിലയിൽ ലഭിച്ച മൃതദേഹത്തിനു പിന്നിൽ യുവതിയെ കൊലപ്പെടുത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിൽ പെൺവാണിഭ സംഘത്തിനു ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹവുമായി പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റേതെന്നു കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങൾ, മൃതദേഹത്തിൽ കല്ലുകെട്ടിത്താഴ്‌ത്താൻ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവ കണ്ടെത്തി.
മൃതദേഹം കല്ലിൽ കെട്ടിത്താഴ്‌ത്തുന്നതിന് ഉപയോഗിച്ച പുതപ്പ് ഒരാഴ്‌ച മുൻപു കളമശേരിയിലെ കടയിൽനിന്നു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചു. രാത്രി വൈകി അടയ്ക്കുന്ന കടയിലെത്തിയ സ്ത്രീയും പുരുഷനുമാണു പുതപ്പ് വാങ്ങിയത്. ആദ്യം എടുത്ത പുതപ്പ് വിരിച്ചുനോക്കി വലിപ്പം മതിയാകില്ലെന്നു സ്ത്രീ പറഞ്ഞപ്പോൾ വലിയതു വാങ്ങുകയായിരുന്നു. രാത്രി പുതപ്പു വാങ്ങാൻ ഇറങ്ങിയ ഇവർ കുറച്ചു മുന്നോട്ടു പോയപ്പോഴാണു തുറന്ന കട കണ്ടത്. വാഹനം പിന്നോട്ടെടുത്തു വന്നാണു പുതപ്പു വാങ്ങാൻ ഇറങ്ങിയതെന്നു സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം പൊതിയാൻ ഉപയോഗിച്ച ഡിസൈനുള്ള 860 പുതപ്പുകൾ ചെറുകിട കച്ചവടക്കാർ വാങ്ങിയതായി കണ്ടെത്തി. ഇവരുടെ വിലാസം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു കളമശേരിയിൽ രാത്രി വൈകി അടയ്ക്കുന്ന കടയിൽ പൊലീസ് എത്തിയത്. ശാസ്ത്രീയ പരിശോധനയിൽ മൃതദേഹത്തിന് അഞ്ചു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നു വ്യക്തമായി.
അതുകൊണ്ടു മൃതദേഹം ഒഴുകിവന്നതല്ലെന്നും മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്നു തള്ളിയതാകാമെന്നുമാണു നിഗമനം. 40 കിലോ ഭാരമുള്ള കല്ലുമായി മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പൊലീസ് നേരത്തെ തള്ളിയിരുന്നു. വൈദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവായ ഇവിടെ പരിചയമുള്ളവർക്കേ എത്താനാവൂ. കുളിക്കാനെത്തിയ വൈദിക വിദ്യാർത്ഥികളാണു മൃതദേഹം കണ്ടത്.