isi

വാഷിംഗ്ടൺ: ജമ്മുകാശ്‌മീരിൽ 40 സി.ആർ.പി.എഫ് ജവാന്മാരെ കൂട്ടക്കുരുതി ചെയ്‌ത ഭീകരാക്രമണത്തിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന് അമേരിക്കൻ വിദഗ്ദ്ധൻ ബ്രൂസ് റീഡൽ വ്യക്തമാക്കി. അമേരിക്കൻ ചാര ഏജൻസിയായ സി.ഐ.എയുടെ മുൻ ദക്ഷിണേഷ്യ വിദഗ്ദ്ധനാണ് റീഡൽ.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് എന്ന പാക് ഭീകരഗ്രൂപ്പ് ഏറ്റെടുത്തതാണ് ഐ.എസ്.ഐയുടെ പങ്കിനെ പറ്റി സൂചന നൽകുന്നത്. ഭീകരാക്രമണം ആസൂത്രണം ചെയ്‌തവർക്ക് ഐ.എസ്.ഐ പിന്തുണ നൽകിയിട്ടുണ്ട്. ഈ ആക്രമണത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയത് പാകിസ്ഥാനിൽ ആണെന്നും ബ്രൂസ് റീഡൽ വാർത്താ ഏജൻസിയോട് പറഞ്ഞു.

ജയ്‌ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടതിന്റെ തെളിവാണ് ഈ ആക്രമണം. അതുപോലെ പ്രത്യക്ഷമായും പാക് ബന്ധമുള്ള ഈ ആക്രമണം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിടുന്ന ആദ്യത്തെ വലിയ വെല്ലുവിളിയാണെന്നും റീഡൽ പറഞ്ഞു.

പാകിസ്ഥാനിൽ വേരുകളുള്ള ഭീകരഗ്രൂപ്പുകൾ ഇപ്പോഴും കാശ്‌മീരിൽ സജീവമാണെന്നതിന്റെ തെളിവാണ് പുൽവാമ ആക്രമണമെന്ന് ഒബാമ ഭരണകൂടത്തിലെ ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥനായിരുന്ന അനീഷ് ഗോയൽ പറഞ്ഞു.

ഇതോടെ ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകാൻ എല്ലാ സാദ്ധ്യതയും ഉണ്ടെന്ന് അമേരിക്കൻ സംഘടനയായ കൗൺസിൽ ഒഫ് ഫോറിൻ റിലേഷൻസ് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിക്ക് ഇത് കൈയും കെട്ടി നോക്കി നിൽക്കാനാവില്ല. കാശ്മീരിൽ കുഴപ്പമുണ്ടാക്കുന്ന എല്ലാ ഭീകര സംഘടനകൾക്കും എതിരെ ശക്തമായ നടപടിയെടുക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദം വർദ്ധിക്കും. ഇന്ത്യയിൽ വരുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം ഇരു രാജ്യങ്ങളും ചർച്ചയിലേക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. അത് ഇനി നടക്കില്ലെന്നും അവർ പറഞ്ഞു.

മുഹമ്മദ് ബിൻ സൽമാൻ പാകിസ്ഥാനിൽ

അതേസമയം,​ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്നലെ പാകിസ്ഥാനിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യയും സന്ദർശിക്കുന്നുണ്ട്. ആഘോഷപൂർവം നടക്കേണ്ട അദ്ദേഹത്തിന്റെ സന്ദർശനം ഇരുരാജ്യങ്ങളിലും ഭീകരാക്രമണത്തിന്റെ കരിനിഴലിൽ മങ്ങിപ്പോകും. സൗദി ബന്ധം ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഏറെ വിലപ്പെട്ടതാണ്.

ലോകത്തെവിടെയും ഭീകരപ്രവർത്തനം നടക്കണമെങ്കിൽ അതിനെ ന്യായീകരിക്കുന്ന ഒരു പ്രത്യയശാസ്‌ത്രമോ ദൈവശാസ്‌ത്രമോ ഉണ്ടാവും. മറ്റുള്ളവരെ കൊല്ലുന്നവർ സ്വർഗത്തിൽ എത്തുമെന്ന തരത്തിൽ മസ്‌തിഷ്‌ക പ്രക്ഷാളനവും നടക്കും. അതില്ലാതാക്കാൻ ഭീകരതയുടെ മാനസികാവസ്ഥയും അതിന് വളമിടുന്ന അടിസ്ഥാന ചുറ്റുപാടുകളും മാറ്റണമെന്ന് പ്രമുഖ ഹിന്ദു പണ്ഡിതനായ ഡേവിഡ് ഫ്രൗളി പറഞ്ഞു.