pulwama-terror-attack

ശ്രീനഗർ: കശ്‌മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് കേന്ദ്രസർക്കാരിനുവേണ്ടി ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അന്ത്യോപചാരം അർപ്പിച്ചു. ജമ്മു കശ്‌മീർ ഡി.ജി.പി ദിൽബഗ് സിംഗും സി.ആർ.പി.എഫ് ക്യാമ്പിലെ മറ്റ് സൈനികർക്കുമൊപ്പം മരിച്ച ജവാൻമാരുടെ ശവമഞ്ചം ചുമക്കാൻ രാജ്‍നാഥ് സിംഗ് ഒപ്പം ചേർന്നു. ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗും ജമ്മു കശ്‌മീർ ഗവർണർ സത്യപാൽ മാലിക്കും കരസേനയുടെ വടക്കൻ കമാൻഡ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ രൺബീർ സിംഗും നേരത്തേ ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതശരീരങ്ങളിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു.

പുൽവാമയിൽ നിന്നും ബദ്‍ഗാമിലെ സി.ആർ.പി.എഫ് ക്യാമ്പിലേക്കാണ് സൈനികരുടെ മൃതദേഹങ്ങൾ ആദ്യം എത്തിച്ചത്. ഭീകരാക്രമണം നടന്ന പുൽവാമയിൽ സന്ദർശനം നടത്തിയ ശേഷം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും രാജ്നാഥ് സിംഗ് കാണും. തെക്കൻ കാശ്‌മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ ലെത്‌പോറയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം നടന്നത്. സി.ആർ.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങൾ വ്യൂഹമായി ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു.

ജവാന്മാർ സാധാരണ ബസുകളിലായിരുന്നു. സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോൾ ഐ.ഇ.ഡി ബോംബുകൾ നിറച്ച എസ്.യു.വി ചാവേർ ഭീകരൻ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസും ഒരു കാറും പൂർണമായി തകർന്നു. ബസിൽ 35 സൈനികരുണ്ടായിരുന്നു. ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾസ്ഥലത്താകെ ചിതറിത്തെറിച്ചു. ബസിന്റെ ഒടിഞ്ഞുമടങ്ങിയ ഇരുമ്പ് ഭാഗങ്ങൾക്കിടയിലും മൃതദേഹങ്ങൾ കുടുങ്ങിയിരുന്നു.

ചാവേർ ആക്രമണമായിരുന്നെന്നും വഖാസ് എന്ന ആദിൽ അഹമ്മദ് ദറിനെയാണ് ചാവേർ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിച്ചതെന്നും ജെയ്ഷെ വക്താവ് അറിയിച്ചു. പുൽവാമ ജില്ലയിലെ കാകപോറ സ്വദേശിയായ ആദിൽ അഹമ്മദ് ദർ കഴിഞ്ഞ വർഷമാണ് ജെയ്ഷെ മുഹമ്മദിന്റെ ഭാഗമായത്.