ലോകം ഇന്ന് വലിയ വികസനത്തിന്റെ പാതയിലൂടെ അതിവേഗം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സഞ്ചരിച്ചാൽ മാത്രമേ നമുക്ക് നിലനിൽക്കാൻ കഴിയൂ. ഒരു രാജ്യത്തിന്റെ വികസനത്തിന് വ്യവസായം ഒരു പ്രധാനഘടകമാണ്. സൗഹൃദാന്തരീക്ഷത്തിൽ വ്യവസായം നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചാൽ മാത്രമേ സംരംഭകരെ നമുക്ക് ആകർഷിക്കാൻ കഴിയുകയുള്ളൂ. സർക്കാർ സംരംഭങ്ങളെ ആശ്രയിച്ച് ഒരു രാജ്യത്തിനും മുന്നോട്ട് പോകുവാനാവില്ല,. പങ്കാളിത്ത വികസന പദ്ധതികൾ അതോടൊപ്പം സംരംഭക പദ്ധതികൾ എന്നിവ ചേരുമ്പോഴാണ് വികസന പദ്ധതികൾ പൂർണമാകുന്നത്. ഈ രൂപത്തിലുള്ള പദ്ധതി നടത്തിപ്പിലൂടെ ഒരു സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ വിപ്ലവകരമായ പരിവർത്തനം നടത്തുവാൻ കഴിയും.
ആ നിലയിലാണ് വികസനകാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളും രാജ്യങ്ങളും സ്വീകരിച്ചുപോരുന്ന ഒരു നയസമീപനം. ആ വികസന കാര്യത്തിൽ ഭരണപക്ഷമോ പ്രതിപക്ഷമോ അവകാശം ഉന്നയിക്കാറുമില്ല. അത് ആ നാടിന്റെ വികസനമാണ് , അത് ജനങ്ങളുടെ വികസനമാണ്. എന്നാൽ കേരളത്തിലെ സ്ഥിതി പലപ്പോഴും നിരാശാജനകമാണ്. സാക്ഷരകേരളമാണ് , സാംസ്‌കാരിക കേരളമാണ് ആരോഗ്യ കേരളമാണ് ഒപ്പം രാഷ്ട്രീയ കേരളവുമാണ്. നാം എല്ലാത്തിലും രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിറുത്തി നിലപാടുകൾ എടുക്കുമ്പോൾ മറ്റുള്ളവർ വികസന നിലപാടുകൾക്ക് മുൻതൂക്കം കൊടുക്കുന്നു. ഇത്തരത്തിൽ ശാസ്ത്രീയ വീക്ഷണമില്ലാത്ത ഇടപെടലുകൾ മൂലം എത്രയെത്ര വ്യവസായങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പറിച്ചു നട്ടത്. കയർ, കൈത്തറി, കശുവണ്ടി എന്നീ പരമ്പരാഗത വ്യവസായങ്ങൾ ഇവിടം വിട്ടുപോയത് അശാസ്ത്രീയ നിലപാടുകളും തീരുമാനങ്ങളും മൂലം ആയിരുന്നു. എല്ലാവരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിന് ഉത്തരവാദികളാണ്.
രാഷ്ട്രീയ ലക്ഷ്യത്തിനോ വ്യക്തിപരമായ താല്പര്യത്തിനോ വേണ്ടി തൊഴിലാളികളെ മറയാക്കി നടത്തിയ സമരങ്ങളിലൂടെ പൂട്ടിപ്പോയത് എത്രയെത്ര വ്യവസായങ്ങളാണ്. അവിടെയെല്ലാം തൊഴിലാളികളുടെ പേരുപറഞ്ഞ് നടത്തിയ തീഷ്ണമായ സമരത്തിലൂടെ തൊഴിൽ നഷ്ടപ്പെട്ടവർ ഒന്നുകിൽ അതിനേക്കാൾ കുറഞ്ഞ കൂലിയിൽ പണിയെടുക്കേണ്ടി വരുക അല്ലെങ്കിൽ തൊഴിൽരഹിതരായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പുതിയ സംരംഭകർക്ക് കേരളത്തിലേയ്ക്ക് വരണമെങ്കിൽ ഇതൊരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറണം. അതിന് എല്ലാവരുടേയും മനോഭാവത്തിൽ കാതലായ മാറ്റം ഉണ്ടാവണം. രാഷ്ട്രീയ നേതൃത്വം കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് പരിവർത്തനപ്പെടണം. പഴയ ജന്മി കുടിയാൻ കാലഘട്ടത്തിലെപ്പോലെ ചൂഷകരും ചൂഷിതരും എന്ന മനോഭാവമാണ് വ്യവസായികളെല്ലാം ചൂഷകരാണെന്ന ഒരു വ്യവസ്ഥിതിയുടെ പ്രേതം ഇപ്പോഴും മരിച്ചിട്ടില്ലാത്ത രാഷ്ട്രീയ സംസ്‌ക്കാരം നമ്മുടെ നാടിന്റെ ശാപമാണ്. അതേപോലെതന്നെ പണ്ടത്തെ ഡ്രൈവർമാരെപോലെ യാത്രക്കാരെ റോഡിൽ ഓടിക്കുന്ന മനോഭാവത്തോടെ സംരഭകരെ നിരാശയിലാക്കുന്ന ഉദ്യോഗസ്ഥ മനോഭാവവും അഭിമാനബോധത്തോടെ വന്നിറങ്ങുന്ന വ്യവസായിയെ വഴിയിൽ തടഞ്ഞു നിറുത്തി അറിവില്ലാത്ത കാര്യങ്ങളുടെ പേരിൽ അപമാനിക്കുവാൻ ശ്രമിക്കുന്ന ചില ലോക്കൽ സദാചാര വാദികളും ഒരോ നാടിന്റേയും ശാപമാണ്. ഒപ്പം തന്നെ ഇതെല്ലാം കണ്ടും കേട്ടും സഹിക്കാൻ മാത്രമായി അല്ലെങ്കിൽ കാഴ്ചക്കാരായി നിൽക്കുന്ന പൊതുസമൂഹവും ഇതിൽ കുറ്റക്കാരാണ്. ഇതിനൊക്കെ മാറ്റം ഉണ്ടായാൽ മാത്രമേ ഈ നാടിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ സാധിക്കുകയുള്ളൂ.
ഈ സർക്കാരിൽ നിന്ന് വേറിട്ട ഒരു ശബ്ദം കേൾക്കുവാൻ കഴിഞ്ഞതാണ് ഇത് എഴുതാൻ കാരണം. ജനങ്ങൾക്ക് തൊഴിലും സംസ്ഥാനത്തിന് വരുമാനവും കൊണ്ടുവരുന്ന സംരംഭകരെ ചൂഷകരായി കാണരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വലിയ പ്രതീക്ഷയോടെയാണ് വ്യവസായ കേരളം ശ്രദ്ധിച്ചത്. കേരളത്തിന്റെ തകരുന്ന സമ്പദ് വ്യവസ്ഥയും നശിക്കുന്ന തൊഴിലിടങ്ങളും വലിച്ചെറിയപ്പെടുന്ന തൊഴിലാളി കുടുംബങ്ങളുടെയും ഒരു വീണ്ടെടുക്കലിന്റെ സന്ദേശമുണ്ട് ആ വാക്കുകളിൽ. ഇവിടുത്തെ ഉദ്യോഗസ്ഥരോടാണ് അദ്ദേഹം അത് പറഞ്ഞത്. തൊഴിൽ നഷ്ടപ്പെട്ട ആയിരങ്ങളുടെ പ്രതിനിധി കൂടി എന്ന നിലയിൽ ആ വാക്കുകൾക്ക് ഒരു താക്കീതിന്റെ സ്വരമുണ്ട്. ഒപ്പം യുവ സംരഭകർക്ക് പ്രതീക്ഷയുടെ ഒരു ആശ്വാസവുമുണ്ട്. ഇക്കാര്യത്തിൽ നിക്ഷേപകരെ എങ്ങനെ സ്വീകരിക്കണമെന്നത് മാതൃകാപരമായി നമ്മെ മനസിലാക്കി തന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയാണ്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിക്ഷേപകർക്കുവേണ്ടി എല്ലാവിധസൗകര്യങ്ങളും ഒരുക്കി കൊടുത്തു. അതിന് പ്രത്യേകം ഉദ്യോഗസ്ഥരേയും അവർക്ക് വേണ്ട ഭൗതിക സാഹചര്യങ്ങളും സംവിധാനം ചെയ്തു. ഒരു വ്യവസായം തുടങ്ങുന്നതിന് അപേക്ഷ സമർപ്പിച്ചാൽ നിയമ വ്യവസ്ഥ പരിപാലിക്കുന്നതാണെങ്കിൽ പത്ത് ദിവസത്തിനകം അവിടെ അനുവാദം ലഭിച്ചിരിക്കും. അതിന് വേണ്ട എല്ലാ സംവിധാനങ്ങളുമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അതേ മാതൃകയിൽ കെ.സ്വിഫ്റ്റ് പദ്ധതി പ്രകാരം ഒരു സംരഭകൻ അപേക്ഷ സമർപ്പിച്ചാൽ 30 ദിവസത്തിനകം കംപ്യൂട്ടറിന്റെ സഹായത്തോടെ പരിശോധന പൂർത്തിയാക്കി അനുമതി പത്രം കൊടുത്തിരിക്കണം. അങ്ങനെ ലഭിക്കാതിരുന്നാൽ അപേക്ഷകന് 30 ദിവസം കഴിഞ്ഞാൽ സ്വാഭാവികാനുമതിയായി കണക്കാക്കും. ഇത് നിക്ഷേപകർക്കുള്ള ഒരു മിനിമം ഗ്യാരന്റിയാണ്. ഈ മിനിമം ഗ്യാരന്റി മതി ഒരു നിക്ഷേപകന് കേരളത്തിൽ വ്യവസായം തുടങ്ങണമോ എന്ന തീരുമാനം എടുക്കുവാൻ. അതാണ് ഒരു ഭരണാധികാരിയുടെ വിജയം. തുടക്കം നന്നായാൽ എല്ലാം ശരിയാകും. നമുക്ക് വിശ്വസിക്കാം നമ്മുടെ മുഖ്യമന്ത്രിയുടെ വാക്കുകളെ. ഗയിൽപൈപ്പ്‌ലൈൻ പദ്ധതിയുടെ കാര്യത്തിലും, ആറു വരിപ്പാത നിർമ്മാണത്തിന്റെ കാര്യത്തിലും, കരിമണൽ ഖനനത്തിന്റെ കാര്യത്തിലും പ്രതിപക്ഷത്തെ കൂടി വിശ്വസത്തിൽ എടുത്തു കൊണ്ടു പോകുവാൻ കഴിഞ്ഞു എന്നുള്ളത് പിണറായി വിജയന്റെ കഴിവ് തന്നെയാണ്. ഇന്ന് പുറത്തിറങ്ങുന്ന അഭ്യസ്തവിദ്യരായ യുവസമൂഹം ഒരു തൊഴിലാളി ആകുന്നതിന് അപ്പുറം തൊഴിൽ ദാതാവാകുക എന്ന സങ്കല്പത്തിലേയ്ക്ക് മാറുകയാണ്. അവരുടെ ജീവിത സ്വപ്നയാത്രയ്ക്ക് മുഖ്യമന്ത്രിയുടെ ഈ തീരുമാനം ഒരു വലിയ വെളിച്ചമായി മുന്നേറിയിരിക്കുന്നു. ഇതോടെ കേരളത്തിന്റെ വ്യവസായിക അന്തരീക്ഷം ആകെ മാറുമെന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം. അപ്പോൾ എല്ലാം ശരിയാകും.
( യോഗനാദം ഫെബ്രുവരി 16 ലക്കത്തിലെ മുഖപ്രസംഗം )