pulwama-attack-

ശ്രീനഗർ: ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ദറാണു പുൽവാമയിൽ സ്ഫോടനം നടത്തിയതെങ്കിലും ആക്രമണം ആസൂത്രണം ചെയ്‌തതു ജയ്ഷെ കമാൻഡറായ അബ്ദുൽ റഷീദ് ഘാസി എന്ന കൊടും ഭീകരനാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരാക്രമണങ്ങൾക്ക് ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ളോസീവ് ഡിവൈസ് ( ഐ.ഇ.ഡി ) എന്നറിയപ്പെടുന്ന സ്ഫോടക വസ്‌തുക്കൾ തയാറാക്കുന്നതിലെ വൈദഗ്ദ്ധ്യമാണ് ഇയാളെ പുൽവാമ ദൗത്യത്തിനു നിയോഗിക്കാൻ കാരണം. ഡിസംബർ മുതൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായ കൊടും ഭീകരൻ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികമായ ഫെബ്രുവരി ഒൻപതിന് ആക്രമണത്തിന് പദ്ധതിയുണ്ടെന്ന സൂചനകൾ ഇന്റലിജൻസിനു ലഭിച്ചിരുന്നു. ഇത്തരം ഒരു സന്ദേശം ഇന്റലിജൻസ് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

‘ബഡാ ഹോനാ ചാഹിയേ, ഹിന്ദുസ്ഥാൻ രോനാ ചാഹിയേ’ എന്നായിരുന്നു സന്ദേശം. അതായത് ആക്രമണം വലുതായിരിക്കണം, ഇന്ത്യ കരയണം...ഈ സന്ദേശത്തിന് പിന്നാലെയാണ് ജയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹർ ഘാസിയെ കാശ്‌മീരിലേക്ക് അയച്ചതെന്നാണു സൂചന. കാശ്‌മീരിലേക്ക് ഡിസംബർ ഒൻപതിന് ഘാസി ഒളിച്ചുകടന്നതായാണു വിവരം. ഡിസംബർ അവസാനത്തോടെ പുൽവാമയിലെത്തി. കാൽനടയായിട്ടാണ് ഏറെ ദൂരവും പിന്നിട്ടത്. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചില്ല. പൊതുവാഹനങ്ങളിലായിരുന്നു ശേഷിച്ച യാത്ര. അസ്ഹറിന്റെ ബന്ധുക്കളും ജയ്ഷെ കമാൻഡർമാരുമായ തൽഹ, ഉസ്‌മാൻ എന്നിവരുടെ കൊലപാതകത്തിലുള്ള പ്രതികാരം എന്ന മട്ടിലാണ് ഘാസി ആക്രമണ പദ്ധതിയിട്ടത്. ഉസ്മാന്റെ മരണത്തിന് പിന്നാലെ, പ്രതികാരം ചെയ്യുമെന്ന കുറിപ്പ് ജയ്ഷെ പുറത്തുവിട്ടിരുന്നു.

ജയ്ഷെയിലെ അഫ്സൽ ഗുരു സ്‌ക്വാഡിന്റെ പങ്കാളിത്തവും ഇന്ത്യ അന്വേഷിക്കുന്നുണ്ട്. പുൽവാമ ആക്രമണം നടന്ന് മിനിറ്റുകൾക്കകം സമൂഹമാദ്ധ്യമമായ ടെലഗ്രാമിൽ ഇന്ത്യയോട് പ്രതികാരം ചെയ്തു എന്ന മട്ടിലുള്ള ജയ്ഷെ അനുകൂല സന്ദേശങ്ങളെത്തിയിരുന്നു.