ന്യൂഡൽഹി: ഇന്ത്യയിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ തുടങ്ങിയ ലോകരാജ്യങ്ങൾ അപലപിക്കുമ്പോൾ പാകിസ്ഥാന് പിന്തുണയേകി വീണ്ടും ചൈന. ആക്രമണത്തിനു നേതൃത്വം നൽകിയ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിക്കുന്ന പഴയ നിലപാടു തന്നെയാണ് ഇപ്പോഴും ചൈന സ്വീകരിച്ചത്.
ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയെങ്കിലും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ ഓരോ സംഘടനയ്‌ക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. 'ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. എല്ലാത്തരം ഭീകര പ്രവർത്തനത്തെയും ചൈന എതിർക്കുന്നു. വിവിധ രാജ്യങ്ങൾ പ്രാദേശികമായി സഹകരിച്ച് ഭീകരപ്രവർത്തനം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണം - ചൈനീസ് വക്താവ് പറഞ്ഞു.
രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ള ചൈനയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം തടയിടുന്നത്. പാകിസ്ഥാനുമായുള്ള ചൈനയുടെ അടുപ്പമാണ് ഇതിനു കാരണം.