ksrtc-strike

 ക്ളെയിം കമ്മിഷനെ നിയമിക്കണം

 നഷ്ടം ഉത്തരവാദികളിൽ നിന്ന് ഈടാക്കണം

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ജനുവരി മൂന്നിന് കർമ്മസമിതി നടത്തിയ ഹർത്താലിൽ 3.35 കോടി രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. 99 ബസുകൾ തകർക്കപ്പെട്ടു. സുപ്രീംകോടതി ഉത്തരവനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കാൻ ക്ളെയിം കമ്മിഷനെ നിയമിക്കണമെന്നും ഉത്തരവാദികളിൽ നിന്ന് നഷ്ടം ഈടാക്കണമെന്നും ഡെപ്യൂട്ടി ലാ ഓഫീസർ പി.എൻ. ഹേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകളുടെ നേതാക്കളെയും അക്രമികളെയും അറസ്റ്റ് ചെയ്യണമെന്നും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

വോൾവോ, സ്‌കാനിയ ബസുകളുൾപ്പെടെ തകർത്തു. അറ്റകുറ്റപ്പണിക്ക് ദിവസങ്ങൾ വേണ്ടിവന്നതിനാൽ സർവീസ് മുടങ്ങി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഹർത്താലിന്റെ പേരിൽ നഷ്ടങ്ങളുണ്ടായാൽ ഉത്തരവാദിത്വം, നഷ്ടം, നഷ്ടപരിഹാരം എന്നിവ വിലയിരുത്താൻ ഹൈക്കോടതിക്ക് സംവിധാനമുണ്ടാക്കാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഹൈക്കോടതിയിലെയോ ജില്ലാ കോടതിയിലെയോ സിറ്റിംഗ്, വിരമിച്ച ജഡ്‌ജിയെ ക്ലെയിം കമ്മിഷണറാക്കണം.
കെ.പി. ശശികല, എസ്.ജെ.ആർ. കുമാർ, കെ.എസ്. രാധാകൃഷ്ണൻ, ടി.പി. സെൻകുമാർ, ഗോവിന്ദ് കെ. ഭരതൻ, പി.എസ്. ശ്രീധരൻ പിള്ള, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാൽ, വി. മുരളീധരൻ, പി.ഇ.ബി. മേനോൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.