hanging-until-death

പത്തനംതിട്ട: അമ്മയുടെ കൺമുന്നിൽ രണ്ടു മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വലിയച്ഛന് വധശിക്ഷ. റാന്നി കീക്കൊഴൂർ മാടേത്തത്ത് വീട്ടിൽ തോമസ് ചാക്കോയ്‌ക്കാണ് (ഷിബു 47) പത്തനംതിട്ട അഡിഷണൽ സെഷൻസ് ജഡ്ജി എൻ. ഹരികുമാർ ശിക്ഷ വിധിച്ചത്. കുട്ടികളുടെ അമ്മയ്‌ക്ക് പ്രതി 5,45,000 രൂപ നഷ്‌ടപരിഹാരം നൽകുകയും വേണം.

റാന്നി കീക്കൊഴൂർ മാടത്തേത്ത് വീട്ടിൽ ഷൈബുവിന്റെയും (മാത്യു ചാക്കോ) ബിന്ദുവിന്റെയും മക്കളായ മെൽവിൻ (7), മെബിൻ (3) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഷൈബുവിന്റെ ജ്യേഷ്ഠൻ ഷിബുവിനുള്ള ശിക്ഷ. സ്വത്തു തർക്കമായിരുന്നു കൊലയ്‌ക്കു പ്രേരണ.

2013 ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം. കുടംബസ്വത്ത് വീതംവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് പിണങ്ങി മാറിത്താമസിക്കുകയായിരുന്ന ഷിബു സംഭവദിവസം രാവിലെ ഷൈബുവിന്റെ വീട്ടിലെത്തിയാണ് കൃത്യം നടത്തിയത്. മുറ്റത്തു നിൽക്കുകായിരുന്ന ഏഴുവയസുകാരൻ മെൽവിനെ പ്രതി കുത്തി. തടയാൻ ശ്രമിച്ച ബിന്ദുവിന്റെ മുഖത്ത് മുളകുപൊടി വിതറി മർദ്ദിച്ചു. അതിനു ശേഷം വീടിനുള്ളിലായിരുന്ന മെബിനെയും കുത്തിക്കൊലപ്പെടുത്തി. 2017 ൽ വിചാരണ ആരംഭിച്ച കേസിൽ 35 സാക്ഷികളെ വിസ്തരിച്ചു.

റാന്നി സി.ഐ ജെ. ഉമേഷ് കുമാർ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി എസ്. മനോജ് ഹാജരായി.