ശ്രീനഗർ: ജമ്മുകാശ്മീരിൽ 40 ജവാൻമാർ വീരമൃത്യുവരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഹർത്താൽ അക്രമാസക്തമായി. പാകിസ്ഥാനു മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രകടനങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് താഴ്‌വരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹർത്താലിനിടെ നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി.
പലയിടങ്ങളിലും അക്രമസംഭവങ്ങൾ അരങ്ങേറി. താഴ്‌വരയിലൂടെ സൈനികവാഹനവ്യൂഹം കടന്നുപോകുന്നത് തത്കാലികമായി നിറുത്തി. കാശ്മീരിന് അകത്തും വിവിധ ജില്ലകളിലേക്കുമുള്ള ഗതാഗതവും ഒരു ദിവസത്തേക്കു നിരോധിച്ചു. ജമ്മു ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും വ്യാപാരി വ്യവസായികളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
വർഗീയ കലാപത്തിലേക്കു നീങ്ങുംവിധം അക്രമം ശക്തമാകുമോ എന്ന ആശങ്കയിൽ മുൻകരുതലെന്ന നിലയിലാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് ജമ്മു ഡെപ്യൂട്ടി കമ്മിഷണർ രമേഷ് കുമാർ പറഞ്ഞു. മേഖലയിൽ സമാധാനം നിലനിറുത്തുന്നതിനായി സൈന്യം ഭരണകൂടത്തിന്റെ സഹായം തേടി. അക്രമം നടന്ന പ്രദേശങ്ങളിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തി.
ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ജമ്മു നഗരത്തിൽ വെള്ളിയാഴ്ച ബന്ത് പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. കടകളെല്ലാം അടഞ്ഞുകിടന്നു.
പാകിസ്ഥാൻ വിരുദ്ധ, ഭീകര വിരുദ്ധ മുദ്രാവാക്യങ്ങളുമായി പലയിടത്തും ടയറുകൾ കത്തിച്ചു വഴിമുടക്കിയിരിക്കുകയാണ്. ഭീകരാക്രമണത്തിൽ പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലയിടങ്ങളിൽ റോഡിൽ ബാരിക്കേഡും തീർത്തിട്ടുണ്ട്.
ജമ്മു കാശ്മീർ ഹൈക്കോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതി പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.