കോട്ടയം: പിളർപ്പിന്റെ വക്കിലെത്തി നിൽക്കുന്ന കേരളകോൺഗ്രസിൽ (എം) സമ്മർദ്ദതന്ത്രത്തിന്റെ പിടി മുറുക്കി പി.ജെ.ജോസഫ്.
കോട്ടയം സീറ്റ് മാത്രമേ മാണി ഗ്രൂപ്പിന് ലഭിക്കൂഎന്നുറപ്പായതോടെ വിശ്വസ്ഥനായ ഒരു കുഞ്ഞാടിനെ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചയിലാണ് പാർട്ടി. കോട്ടയം സീറ്റാണെങ്കിലും അത് ജോസഫിന് അവകാശപ്പെട്ടതാണെന്ന പരസ്യപ്രഖ്യാപനവുമായി മോൻസ് ജോസഫ് ഇതിനിടെ രംഗത്തെത്തിയത് മാണി ഗ്രൂപ്പിനെ ഞെട്ടിച്ചു. ജോസ് കെ. മാണി നയിച്ച കേരളയാത്രയുടെ സമാപനത്തിൽ പങ്കെടുക്കാതെ ജോസഫ് ദുബായിൽ പോയ ദിവസം തിരഞ്ഞെടുത്ത് മനസാക്ഷി സൂക്ഷിപ്പുകാരനായ മോൻസ് ജോസഫ് നടത്തിയ പ്രഖ്യാപനത്തിന് പിന്നിൽ ജോസഫിന്റെ കരങ്ങളാണെന്ന വിശ്വാസത്തിലാണ് മാണി ഗ്രൂപ്പ്. എന്തൊക്കെ സംഭവിച്ചാലും കോട്ടയം സീറ്റ് ജോസഫിന് വിട്ടുകൊടുക്കാൻ മാണി തയ്യാറല്ലാത്ത സാഹചര്യത്തിൽ പാർട്ടിയിൽ പിളർപ്പ് അനിവാര്യമാണെന്ന പ്രചാരണം ശക്തമായി.
കേരളയാത്ര കഴിഞ്ഞാൽ സ്ഥാനാർത്ഥി ചർച്ച ആരംഭിക്കുമെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രഖ്യാപനം. 18ന് യു.ഡി.എഫ് ഉഭയ കക്ഷി ചർച്ചയ്ക്കു പിറകേ മാണി ഗ്രൂപ്പ് സ്റ്റിയറിംഗ് കമ്മിറ്റിയും വിളിച്ചിട്ടുണ്ട്. ജോസ് കെ മാണി രാജ്യസഭാംഗമായതോടെ പാർട്ടിക്ക് ലഭിക്കുന്ന ലോക് സഭ സീറ്റ് തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ ജോസഫ് ഉറച്ചു നിൽക്കുകയാണ്. ഒരു സീനിയർ നേതാവിനെ ലോക്സഭയിലേക്ക് അയച്ചാൽ രാഷ്ട്രീയമായി ജോസ് കെ മാണിക്ക് നാളെ അത് ദോഷം ചെയ്യുമെന്ന് മനസിലാക്കിയ മാണി ജോസഫിന് കോട്ടയം സീറ്റ് നൽകാനോ ഉമ്മൻചാണ്ടിക്കായി ഇടുക്കിയും കോട്ടയവും വെച്ചു മാറാനോ തയ്യാറാകില്ല. ഈ സാഹചര്യത്തിൽ ഒരു പിളർപ്പ് ഒഴിവാക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് മാണിയുടെ വിശ്വസ്ഥർ തന്നെ പറയുന്നത്.
പാർട്ടിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി 'ന്യൂട്രൽ കളി' മതിയാക്കി രണ്ട് സീറ്റിന് വാദിക്കണമെന്ന ആവശ്യം മാണി ഗ്രൂപ്പിൽ ശക്തമായിട്ടുണ്ട്. ഉന്നത കോൺഗ്രസ് നേതാക്കളെ ഉപയോഗിച്ച് ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. 'കേരളയാത്രയുടെ സമാപനത്തിൽ നിന്ന് വിട്ടു നിന്നതിൽ രാഷ്ടീയമില്ലെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും ' ദുബായിലുള്ള പി.ജെ.ജോസഫിനെക്കൊണ്ടും 'പാർട്ടി ഒറ്റക്കെട്ടാണെന്നും പി.ജെ.ജോസഫിന് അതൃപ്തിയില്ലെന്നും 'ജോസ് കെ മാണിയെക്കൊണ്ടും പ്രസ്താവന ഇറക്കിപ്പിച്ചതിന് പിന്നിൽ മാണിയുടെ തന്ത്രപരമായ കളിയാണുള്ളത്.
പുറമേ താത്ക്കാലിക വെടി നിറുത്തൽ ശ്രമം തുടരുമ്പോഴും ഒരു ലോക് സഭ സീറ്റിനായി ജോസഫ് കളത്തിലിറങ്ങിയാൽ യു.ഡി.എഫിൽ മറ്റൊരു കേരള കോൺഗ്രസ് ഗ്രൂപ്പ് കൂടി പിറവിയെടുക്കാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.