terror-attack-

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ അന്താരാഷ്ട്ര തലത്തിൽ പൂർണമായി ഒറ്റപ്പെടുത്താനുള്ള നയതന്ത്രനീക്കങ്ങളുമായി ഇന്ത്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പാകിസ്ഥാൻ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി സ്ഥിരാംഗങ്ങളായ യു.എസ്, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെയും, ഗൾഫ് രാജ്യങ്ങൾ, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിതല സമിതി യോഗമാണ് പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ എടുക്കാൻ തീരുമാനിച്ചത്.

ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി ഈ രാജ്യങ്ങളോട് ഇന്ത്യ വിശദീകരിക്കും. പാക് പിന്തുണയോടെ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെപ്പറ്റി ഈ രാജ്യങ്ങളെ ഇന്ത്യ ബോദ്ധ്യപ്പെടുത്തും.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് അനുകൂല നിലപാടാണ്

രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ളത്. ചൈന മാത്രമാണ് ഇതിന് വിലങ്ങുതടിയായി നിൽക്കുന്നത്.

ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും മസൂദ് അസറിന്റെ കാര്യത്തിൽ ചൈന പിന്നാക്കം പോയിട്ടില്ല. ചൈനയുടെ മേൽ നയതന്ത്ര സമ്മർദ്ദം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും സർക്കാരിനുണ്ട്.