lokakerala-sbha-

ദുബായ് : പ്രവാസി നിക്ഷേപം കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താൻ ആകർഷകമായ നിക്ഷേപ പദ്ധതികളും പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വനിതാ എൻ.ആർ.ഐ സെൽ രൂപീകരണം അടക്കമുള്ള കരുതൽ നടപടികളും ലോകകേരള സഭ പശ്ചിമേഷ്യൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. സർക്കാർ ഗ്യാരന്റിയിൽ പ്രവാസികൾക്ക് കേരളത്തിൽ നിക്ഷേപം നടത്താം. 5ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ 5വർഷം സ്ഥിരനിക്ഷപം നടത്തുന്ന പ്രവാസിക്കോ അവകാശിക്കോ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുക വരുമാനം നൽകുന്ന നിക്ഷേപ- ഡിവിഡന്റ് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇക്കാര്യം കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

പ്രവാസി നിക്ഷേപം കിഫ്ബി പോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപിച്ച് പലിശ ഡിവിഡന്റായി നൽകും. പ്രവാസിക്ഷേമ പെൻഷൻ ഡിവിഡന്റിൽ ലയിപ്പിച്ചുള്ള ധനസഹായവും പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം, എൻ.ആർ.ഐ ടൗൺഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങൾ, എയർപോർട്ടുകൾ, മരുന്ന്- മെഡിക്കൽ ഉത്പ്പന്ന നിർമ്മാണം തുടങ്ങിയ വ്യവസായങ്ങൾക്കായി പ്രവാസി നിക്ഷേപ കമ്പനി രൂപീകരിക്കും. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി പഞ്ചായത്തു തലത്തിൽ തൊഴിൽ സംരംഭങ്ങൾ തുടങ്ങും. ഇതിനായി എൻ.ആർ.ഐ സഹകരണ സൊസൈറ്റികൾ രൂപീകരിക്കും. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയുടെ നിർമ്മാണത്തിനായി കൺസ്ട്രക്ഷൻ കമ്പനി രൂപീകരിക്കും. മാവേലിക്കരയിൽ 5ഏക്കറിൽ ലോകകേരള കേന്ദ്രം സ്ഥാപിക്കും. പശ്ചാത്തലസൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്നവർക്ക് കേന്ദ്രത്തിലെ സേവനങ്ങളിൽ മുൻഗണന നൽകും. കൂടുതൽ കേന്ദ്രങ്ങൾ ഭാവിയിൽ തുടങ്ങും. കേരളവും പ്രവാസികളും ഒന്നിച്ചുനിന്നാൽ ഒന്നും അസാദ്ധ്യമല്ലെന്ന് നിറഞ്ഞ കൈയടികൾക്കിടയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

പ്രവാസി നിക്ഷേപം ആകർഷിക്കാൻ ബിസിനസ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ തുടങ്ങും. സംരംഭകത്വ സാദ്ധ്യത പഠിച്ച് പ്രവാസികൾക്ക് ഉപദേശം നൽകാൻ മുംബയിലെ കമ്പനിയെ ചുമതലപ്പെടുത്തി. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാൻ 7നിയമങ്ങളും 10ചട്ടങ്ങളും ഭേദഗതി ചെയ്തു. അപേക്ഷിച്ച് 30ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കിൽ 31-ാം ദിവസം അനുമതി ലഭിച്ചതായി കണക്കാക്കി വ്യവസായം തുടങ്ങാം. ഏത് വ്യവസായം തുടങ്ങണമെന്ന് അറിയാത്തവർക്ക് വ്യവസായവകുപ്പ് ഉപദേശം നൽകും. ബാങ്കുകളും കിൻഫ്ര, സിഡ്കോ, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി എന്നിവയും യോജിച്ച് നിക്ഷേപപദ്ധതി ആവിഷ്കരിക്കും. വ്യവസായികൾക്ക് തവണകളാി പണമടച്ച് ഭൂമിവാങ്ങാൻ പദ്ധതിയുണ്ടാക്കും. ആദ്യവർഷം 60 ശതമാനം അടയ്ക്കണം. ശേഷിക്കുന്ന പണം വർഷംതോറും 5ശതമാനം വീതം അടയ്ക്കണം. കെ.എസ്.എഫ്.ഇ ചിട്ടി ഈ മാസം തന്നെ എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഇക്കൊല്ലം അവസാനത്തോടെ ലോകത്തെവിടെ നിന്നും ചിട്ടിയിൽ ചേരാനാവും.

പ്രവാസികളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ജില്ലാ കളക്ടർ ചെയർമാനായി ജില്ലാ പ്രവാസി പരിഹാര സമിതിയുണ്ടാക്കും. കുടിയേറ്റ പ്രശ്‌നങ്ങൾ പഠിക്കാൻ അന്താരാഷ്ട്ര മൈഗ്രേഷൻ സെന്ററുകളുണ്ടാക്കും. മേഖലാടിസ്ഥാനത്തിൽ യൂത്ത് ഫെസ്റ്റിവലുകൾ നടത്തുന്നതും പ്രവാസികളുടെ സാഹിത്യസൃഷ്ടികൾക്കായി പ്രസിദ്ധീകരണം ആരംഭിക്കുന്നതും പരിഗണനയിലാണ്. നൈപുണ്യവികസന കേന്ദ്രങ്ങൾ, വിദേശഭാഷാ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, സ്റ്റുഡന്റ്സ് എക്സ്‌ചേഞ്ച്, വിദേശസർവകലാശാലകളുമായി ആശയവിനിമയ സംവിധാനം എന്നിവയും പരിഗണനയിലുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അദ്ധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ടോംജോസ് സഭാപ്രഖ്യാപനം നടത്തി. എം.എൽ.എമാരായ കെ.സി.ജോസഫ്, പി.ജെ.ജോസഫ്, പി.കെ.ബഷീർ, കാരാട്ട് റസാഖ്, പാറയ്ക്കൽ അബ്ദുള്ള, ടി.വി.ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

എൻ.ആർ.ഐ വനിതാ സെൽ

വിദേശത്ത് ജോലിചെയ്യുന്ന വനിതകളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാൻ നോർക്കയിൽ വനിതാ എൻ.ആർ.ഐ സെല്ലുകൾ രൂപീകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. വിമാനത്താവളങ്ങളിൽ ഗ്ലോബൽ മൈഗ്രേഷൻ സെന്ററുകളും പാസ്പോർട്ട് ഓഫീസുകളിൽ ഫ്രീ എമ്പാർക്കേഷൻ കേന്ദ്രങ്ങളും രൂപീകരിക്കും. ഇക്കൊല്ലം നോർക്ക 600നഴ്സുമാരെ റിക്രൂട്ട് ചെയ്യും.