exp

കൊച്ചി: കേന്ദ്രസർക്കാരിനും വ്യാപാര-വാണിജ്യ ലോകത്തിനും ആശങ്ക സമ്മാനിച്ച് ജനുവരിയിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 1,​473 കോടി ഡോളറായി ഉയർന്നു. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി ഡിസംബറിൽ 1,​308 കോടി ഡോളറായിരുന്നു. അതേസമയം, 2018 ജനുവരിയിൽ ഇത് 1,​567 കോടി ഡോളറായിരുന്നു.

ജെം ആൻഡ് ജുവലറി,​ ഔഷധം,​ കെമിക്കലുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പിൻബലത്തിൽ കഴിഞ്ഞമാസം കയറ്റുമതി 3.74 ശതമാനം ഉയർന്ന് 2,​636 കോടി ഡോളറിലെത്തി. വസ്‌ത്രം,​ കാർഷികോത്‌പന്നങ്ങൾ,​ എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ എന്നിവയുടെ കയറ്രുമതി കുറഞ്ഞത് വലിയ നേട്ടം കൊയ്യാൻ കയറ്റുമതി മേഖലയ്ക്ക് തടസമായി. 4,​109 കോടി ഡോളറിന്റെ ഉത്‌പന്നങ്ങളാണ് കഴിഞ്ഞമാസം ഇറക്കുമതി ചെയ്യപ്പെട്ടത്. ഇറക്കുമതിയിലെ വർദ്ധന 0.01 ശതമാനത്തിലേക്ക് ഒതുങ്ങിയെങ്കിലും വ്യാപാരക്കമ്മി കൂടുകയായിരുന്നു.

സ്വർണം ഇറക്കുമതി 38.16 ശതമാനം വർദ്ധിച്ചതാണ് വ്യാപാരക്കമ്മി കൂടാൻ മുഖ്യ കാരണം. 2018 ജനുവരിയിൽ 167 കോടി ഡോളറിന്റെ സ്വർണം വാങ്ങിയ ഇന്ത്യ,​ കഴിഞ്ഞമാസം ചെലവാക്കിയത് 231 കോടി ഡോളറാണ്. 1,​124 കോടി ഡോളറിന്റെ ക്രൂഡോയിലും കഴിഞ്ഞമാസം ഇന്ത്യ വാങ്ങി. വർദ്ധന 3.59 ശതമാനം.നടപ്പു സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജനുവരി കാലയളവിൽ കയറ്റുമതി വർദ്ധന 9.52 ശതമാനമാണ്. നേടിയ വരുമാനം 27,​180 കോടി ഡോളർ. ഇറക്കുമതിച്ചെലവ് ഇക്കാലയളവിൽ 11.27 ശതമാനം ഉയർന്ന് 42,​773 കോടി ഡോളറിലെത്തി. വ്യാപാരക്കമ്മി 13,​625 കോടി ഡോളറിൽ നിന്ന് 15,​593 കോടി ഡോളറിലുമെത്തി.