ശ്രീനഗർ: പാകിസ്ഥാനിൽ നിന്നും ഐ.എസ്.ഐയിൽ നിന്നും പണം വാങ്ങുന്നവർ ഇപ്പോഴും രാജ്യത്തുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇവർക്ക് സുരക്ഷ നൽകുന്ന കാര്യം പുനരാലോചിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരുടെയും പേരെടുത്ത് പറയാൻ രാജ്നാഥ് സിംഗ് തയ്യാറായില്ല.
എന്നാൽ ജമ്മു കശ്മീരിലെ വിഘടനവാദി സംഘടനാ നേതാക്കളെയും ഹുറിയത്ത് കോൺഫറൻസ് നേതാക്കളെയുമാണ് രാജ്‍നാഥ് സിംഗ് ഉദ്ദേശിച്ചതെന്നാണ് സൂചന. ഭീകര സംഘടനകളുമായി അടുത്ത ബന്ധംപുലർത്തുന്ന ചിലരുണ്ട്. ഐ.എസ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുമായി അവർ ഗൂഢാലോചന നടത്തുന്നു. കശ്മീരിലെ ജനങ്ങളുടെ ഭാവികൊണ്ടാണ് അവർ കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് കഴിയുന്നത്ര സഹായം നൽകാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.പി.എഫിന്റേതുൾപ്പെടെയുള്ള വലിയ സൈനിക വാഹനവ്യൂഹങ്ങൾ കടന്ന് പോകുമ്പോൾ സിവിലിയൻ വാഹനങ്ങൾ നിയന്ത്രിക്കുമെന്നും രാജ്നാത് സിംഗ് അറിയിച്ചു. പുൽവാമയ്ക്ക് കിലോമീറ്ററുകൾക്കപ്പുറം മാത്രം താമസിച്ചിരുന്ന ഭീകരൻ ആദിൽ അഹമ്മദ് ധർ ബോംബ് നിറച്ച സ്വന്തം വാഹനം സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ചാവേറാക്രമണം നടത്തിയത്. വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരികിൽ കാർ നിർത്തിയിട്ട് കാത്തു നിൽക്കുകയായിരുന്നു ധർ. ഇത്തരം സാഹചര്യം ഇനി ആവർത്തിക്കാതിരിക്കാനാണ് സിവിലിയൻ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കാശ്മീരിലെത്തിയ രാജ്നാഥ് സിംഗ് ബദ്ഗാമിലെ സൈനിക ക്യാമ്പിലെത്തി വീരമൃത്യു വരിച്ച ജവാന്മാർക്ക് അന്ത്യോപചാരം അർപ്പിച്ചിരുന്നു. സൈനികർക്കൊപ്പം ചേർന്ന് മൃതദേഹങ്ങൾ തോളിലേറ്റി അദ്ദേഹം സൈനിക ക്യാമ്പിലെ നടപടികളിൽ പങ്കാളിയായി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജവാന്മാരെ ശ്രീനഗറിലെ ആർമി ബേസ് ക്യാമ്പിൽ അദ്ദേഹം സന്ദർശിച്ചു.