ലണ്ടൻ: യൂറോപ്പ ലീഗ് ഫുട്ബാളിൽ ഇംഗ്ലീഷ് വമ്പൻമാരായ ചെൽസി തകർപ്പൻ ജയം നേടിയപ്പോൾ മറ്റൊരു സൂപ്പർ ടീം ആഴ്സനലിന് അടിതെറ്റി. റൗണ്ട് 32 ൽ ആദ്യപാദത്തിൽ സ്വീഡിഷ് ക്ലബ് മാൽമോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് പ്രീക്വാർട്ടർ പ്രതീക്ഷകൾ ചെൽസി സജീവമാക്കിയത്.
മാൽമോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മുപ്പതാം മിനിറ്റിൽ ജോസ് ബാർക്ക്‌ലിയും അമ്പത്തെട്ടാം മിനിട്ടിൽ ഒലിവർ ജിറൗഡുമാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. ആൻഡേർസ് ക്രിസ്റ്റ്യൻസണാണ് മാൽമോയ്ക്കായി ലക്ഷ്യം കണ്ടത്. കഴിഞ്ഞ ഞായറാഴ്ച പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തോറ്റതിന്റെ ക്ഷീണം മാറ്റുന്നതായി ചെൽസിക്ക് ഈ ജയം. രണ്ട് എവേ മത്സരങ്ങളിലെ തോൽവിക്ക് ശേഷമാണ് ചെൽസി എതിരാളികളുടെ മൈതാനത്ത് ജയം നേടുന്നത്. സിറ്റിക്ക് മുമ്പ് ബേൺമൗത്തിനെതിരെയും എവേമ ത്സരത്തിൽ ചെൽസി തോറ്റിരുന്നു.
മത്സരത്തിൽ ബാൾപൊസഷനിലും ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിലും പാസിംഗിലും ചെൽസി തന്നെയായിരുന്നു മുന്നിൽ. 22ന് സ്റ്റാംഫോർഡ് ബ്രിഡ്ജിലാണ് രണ്ടാം പാദമത്സരം.
അതേസമയം ആഴ്സനൽ ബെലാറസ് ക്ലബ് ബെയ്റ്റിനോട് ഏകപക്ഷീയമായ ഒരുഗോളിന്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ബെയ്റ്റിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പകുതിയുടെ അധികസമയത്ത് സ്റ്റാനിസ്ലാവ് ഡ്രാഹുനാണ് ആതിഥേയരുടെ വിജയ ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്നായിരുന്നു ബെയ്റ്റിന്റെ വിജയഗോൾ പിറന്നത്. 85-ാം മിനിട്ടിൽ ഫ്രഞ്ച് താരം അലക്സാണ്ടർ ലക്കാസട്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് ആഴ്സനൽ മത്സരം പൂർത്തിയാക്കിയത്. മത്സരത്തിലൂടനീളം മോധാവിത്വം ആഴ്സനലിനായിരുന്നെങ്കിലും ഒരു തവണപോലും ഗോൾവലകുലുക്കാൻ അവർക്കായില്ല. ഇതോടെ 21ന് സ്വന്തം തട്ടകകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദപോരാട്ടം ആഴ്സനലിന് ചങ്കിടിപ്പേറ്റുന്നതായി.
മറ്റു മത്സരങ്ങളിൽ ബെൻഫിക്ക 2-1ന് ഗളത്സരെയേയും സെവിയ്യ 1-0ത്തിന് ലാസിയോയേയും ഇന്റർ മിലാൻ ഇതേ സ്കോറിന് റാപിഡ് വിയനെയേയും കീഴടക്കി.