ന്യൂഡൽഹി: ആസ്ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി -20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. വിശ്രമത്തിലായിരുന്ന നായകൻ വിരാട് കൊഹ്ലി, പേസർ ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ തിരിച്ചെത്തി. ഇംഗ്ലണ്ട് ലയൺസിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച മായങ്ക് മാർക്കണ്ടേയയെ ട്വന്റി 20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ദിനേഷ് കാർത്തിക്കിനെ ഏകദിന മത്സരങ്ങളിൽ നിന്നൊഴിവാക്കി. റിഷഭ് പന്ത് ടീമിലുണ്ട്. സൂപ്പർ പേസർ ഭുവനേശ്വർ കുമാറിന് ട്വന്റി-20യിലും ആദ്യ രണ്ട് ഏകദിനങ്ങളിലും വിശ്രമം അനുവദിച്ചിട്ടുണ്ട്. അവസാന മൂന്ന് ഏകദിനങ്ങളിൽ മാത്രമേ ഭുവനേശ്വറിനെ ഉൾപ്പെടുത്തിയിട്ടുള്ളൂ.
ഭുവിക്ക് പകരം സിദ്ധാർത്ഥ് കൗളിനാണ് അവസരം കിട്ടിയത്.സ്പിന്നർ കുൽദീപ് യാദവിനും വിശ്രമം നൽകി.
ചാറ്റ് ഷോയ്ക്കിടെ വിവാദ പരാമർശം നടത്തിയതിനാൽ വിലക്ക് നേരിടുകയും പിന്നീട് ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത കെ.എൽ രാഹുലും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
24ന് വിശാഖപട്ടണത്താണ് ട്വന്റി -20 പരമ്പരയിലെ ആദ്യ മത്സരം. മാർച്ച് 2 മുതൽ 13 വരെയാണ് ഏകദിന പരമ്പര.