hina-

ചണ്ഡിഗഢ് : യുദ്ധവിമാനങ്ങളുടെ എൻജിനീയറിംഗ് സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് ഇതാദ്യമായി ഒരു വനിതയും. വ്യാേമസേനയിൽ ഫ്ലൈറ്റ് എൻജിനിയർ പദവിയിലെത്തുന്ന ആദ്യവനിതയായി പഞ്ചാബ് ചണ്ഡിഗഢ് സ്വദേശി ഹിന ജയ്സ്വാളിനെ ചരിത്രം സുവർണലിപികളിൽ രേഖപ്പെടുത്തും.

വ്യോമസേനയില്‍ ഫ്ലൈറ്റ് ലഫ്റ്റനന്റ് ആയിരുന്നു ഹിന. വനിതകൾ സാധാരണ കൈവയ്ക്കാത്ത ഫ്ലൈറ്റ് എൻജിനിയേഴ്സ് കോവ്സ് വിജയകരമായി ഹിന പൂർത്തിയാക്കിയിരുന്നു. ബെംഗളുരുവിലെ യലഹങ്ക വ്യോമസേനാ താവളത്തിലായിരുന്നു കോഴ്സ്. വ്യോമസേനയുടെ എൻജിനിയറിംഗ് വിഭാഗത്തിൽ നാലുവർഷം മുമ്പാണ് ഹിന ചേരുന്നത്. ഫയറിംഗ് ടീം ആൻഡ് ബാറ്ററി കമാൻഡർ ചീഫ് പദവി അവർ നേരത്തെ വഹിച്ചിരുന്നു. അതിനുശേഷമാണ് ഫ്ലൈറ്റ് എൻജിനീയേഴ്സ് കോഴ്സിനു തിരഞ്ഞെടുക്കപ്പെട്ടത്. ആറുമാസത്തെ കഠിന പരിശീലനത്തിന് ശേഷം കോവ്സ് പൂർത്തിയാക്കുമ്പോൾ ആദ്യ വനിതാ ഫ്ലൈറ്റ് എൻജിനിയറെന്ന ബഹുമതിയിലേക്കാണ് ഹിന നടന്നുകയറുന്നത്. വ്യോമസേനയുടെ ഓപ്പറേഷണൽ ഹെലികോപ്റ്റർ യൂണിറ്റിലായിരിക്കും ഹിനയ്ക്കു നിയമനം ലഭിക്കുക.


പ‍ഞ്ചാബ് സർവകലാശാലയിൽ നിന്ന് എൻജിനിയറിംഗ് ബിരുദം നേടിയതിനുശേഷമാണ് ഡി.കെ.ജയ്‍സ്വാളിന്റെയും അനിത ജയ്‍സ്വാളിന്റെയും ഏകമകളായ ഹിന വ്യോമസേനയിൽ ചേരുന്നത്. കുട്ടിക്കാലം മുതൽ വിമാനങ്ങളെ സ്വപ്നം കണ്ടു നടന്നിരുന്ന പെൺകുട്ടിക്ക് ഇതൊരു സ്വപ്നസാഫല്യമാണ്,​

1993 ലാണ് ഓഫിസർ കേഡറിലേക്ക് വ്യോമസേന വനിതകളെ നിയോഗിച്ചുതുടങ്ങിയത്. പിന്നീട് പൈലറ്റുമാരായും വനിതകൾ എത്തി. 2018 വരെ പുരുഷൻമാർക്കു മാത്രമായിരുന്നു എൻജിനിയറിംഗ് ബാച്ചിൽ പ്രവേശനം നൽകിയിരുന്നത്. ഇനി കൂടുതൽ വനിതകൾ ഈ രംഗത്തേക്ക് കടന്നുവരുന്നതിന് ഹിന ഒരു പ്രചോദനമാകും.