ബംഗളൂരു: പുൽവാമയിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.
ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാൻ എച്ച്.ഗുരുവിന്റെ ഭാര്യ ഹൃദയം പൊട്ടുന്നവേദനയ്യക്കിടയിലും സർക്കാരിനോട് ഒന്നുമാത്രമാണ് ആവശ്യപ്പെടുന്നത്. തന്റെ ഭർത്താവിനെ എങ്ങനെയാണോ കൊലപ്പെടുത്തിയത്, അതേ പോലെ തന്നെ അവരെയും കൊല്ലണം പൊട്ടിക്കരഞ്ഞുകണ്ട് ഗുരുവിന്റെ ഭാര്യ കലാവതി പറയുന്നു. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽപ്പെടുന്ന മാഥൂറില്‍ നിന്നുള്ള ജവാനാണ് ഗുരു. ഭീകരാക്രമണം നടന്ന ദിവസം രാത്രി 11ഓടെയാണ് കലാവതി കാര്യങ്ങള്‍ അറിയുന്നത്.
വ്യാഴാഴ്ച ഗുരു കലവാതിയെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ജോലികൾക്കിടയിൽ കലാവതി അത് കണ്ടില്ല. അല്പസമയത്തിന് ശേഷം തിരികെ വിളിച്ചെങ്കിലും ഗുരുവിന്റെ നമ്പർ പരിധിക്ക് പുറത്തായിരുന്നു. അവസാനമായി തന്റെ ഭർത്താവിനോട് സംസാരിക്കാനുള്ള അവസരം പോലും വിധി തട്ടിയെടുത്തുവെന്ന് കലാവതി പറഞ്ഞു.
എപ്പോഴും അതിർത്തി കാക്കുന്നവർ കൊല്ലപ്പെടുന്നെങ്കിൽ അവരെ വീടുകളിലേക്ക് തിരിച്ച് അയക്കണം. അവരുടെ കുടുംബങ്ങളെ നോക്കാൻ എങ്കിലും അതുകൊണ്ട് സാധിക്കുമെന്ന് അവർ പറയുന്നു.
ഗുരു ശ്രീനഗറിൽ ആയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. പുൽവാമയിലേക്ക് പോകുന്നുവെന്നത് തന്നെ അറിയിച്ചിരുന്നില്ല. രാജ്യത്തെ സംരക്ഷിക്കാനായി പോരാടിയ ഭർത്താവിനെ ഓർത്ത് അഭിമാനിക്കുന്നു. എന്നാൽ ഗുരുവിനെ സംരക്ഷിക്കാൻ ആർക്കുമായില്ലെന്നും കലാവതി പറഞ്ഞു.