തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി നാലുനാൾ മാത്രം ശേഷിക്കേ ഇഷ്ടവരദായിനിയായ അമ്മയ്ക്ക് നൈവേദ്യം അർപ്പിക്കാനുള്ള അവസാവട്ട ഒരുക്കത്തിലാണ് ഭക്തർ. വ്രതം നോറ്റ് മനസും ശരീരവും അമ്മയ്ക്ക് മുന്നിൽ പൊങ്കാലയായി സമർപ്പിക്കാനുള്ള ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാന നാളുകൾ ഭക്തനിർഭരമാക്കുകയാണ് ഓരോ ഭക്തയും.
പൊങ്കാല ദിവസം ദർശനത്തിനായി ദൂരസ്ഥലങ്ങളിൽ നിന്നുൾപ്പെടെ നിരവധി പേർ എത്തുമെന്നതിനാൽ തലസ്ഥാനവാസികൾ രാപ്പകലില്ലാതെ ആറ്റുകാലിലേക്ക് ഒഴുകുകയാണ്. നിർമാല്യദർശനം മുതൽ തുടങ്ങുന്നതാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ തിരക്ക്. അമ്മയെ കണ്ടുവണങ്ങാൻ എത്തുന്നവരുടെ ക്യൂ നടപ്പന്തലിൽ നിന്ന് പാർക്കിംഗ് ഗ്രൗണ്ടിലേക്കും നീളുകയാണ്. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ ഏറെ നേരം കാത്തുനിന്ന് ദർശന പുണ്യം നുകർന്നാണ് മടങ്ങുന്നത്. വെള്ളിയാഴ്ച ദിവസമായ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നാരങ്ങാവിളക്ക് തെളിക്കാനും മറ്റ് വഴിപാടുകൾ നടത്താനും നിരവധി ഭക്തരാണ് എത്തിയത്. പൊങ്കാല അർപ്പിക്കാനെത്തുന്ന ലക്ഷക്കണക്കിന് ഭക്തരെ വരവേൽക്കാൻ നഗരവും ഒരുങ്ങി കഴിഞ്ഞു.
പാതയോരങ്ങൾ നീളെ മൺകലങ്ങളും മറ്റുമായി കച്ചവടക്കാരും ഇടം പിടിച്ചതോടെ പൊങ്കാല വിപണിയും സജീവമായി. സ്ത്രീകൾ കൂട്ടമായി പൊങ്കാല സാമഗ്രികൾ വാങ്ങാനെത്തുന്ന കാഴ്ചയാണ് നഗരത്തിലെമ്പാടും. വീടുകളുടെയും ഓഫീസുകളുടെയും പരിസരത്ത് പലരും ഇതിനോടകം പൊങ്കാല അടുപ്പുവയ്ക്കാനുള്ള ഇടം കണ്ടെത്തി കഴിഞ്ഞു. ബുധനാഴ്ച രാവിലെ 10.15ന് പണ്ടാര അടുപ്പിൽ അഗ്നി പകരുന്ന മുഹൂർത്തത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. തിങ്കളാഴ്ച വൈകിട്ടോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് പതിവായി പൊങ്കാലയ്ക്കെത്തുന്നവർ നഗരത്തിലെ പരിചയക്കാരുടെ വീടുകളിൽ എത്തി തുടങ്ങും. ചൊവ്വാഴ്ച രാവിലെ മുതൽ എല്ലാ വഴികളും ആറ്റുകാലിലേക്ക് മാത്രമാകുന്നതോടെ നഗരം അമ്മയുടെ സ്തുതി ഗീതങ്ങളാൽ മുഖരിതമാകും.
ഉത്സവമേഖലയിലെ വാർഡുകളിലെല്ലാം ഭക്തർക്ക് സൗകര്യമൊരുക്കാനുള്ള തിരക്കിട്ട ജോലികൾ പുരോഗമിക്കുകയാണ്. നഗരത്തിൽ എല്ലായിടത്തും ആറ്റുകാൽ പൊങ്കാല വിളംബരം ചെയ്യുന്ന കമാനങ്ങളും ബോർഡുകളും ഉയർന്നു. വർണദീപങ്ങളും കൊടിതോരണങ്ങളുമായി നഗരം അലങ്കൃതമായി കഴിഞ്ഞു. വിവിധ സംഘടനകൾ ജംഗ്ഷനുകളിൽ കമ്മിറ്റി ഓഫീസുകളും മറ്റ് സഹായത്തിനുള്ള സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു. നഗരത്തിലെ റോഡുകൾക്ക് ഇരുവശത്തും പുത്തൻ മൺകലങ്ങളുടെ കൂമ്പാരം ഉയർന്നുകഴിഞ്ഞു. കന്യാകുമാരി ജില്ലയിലെ മൺപാത്ര നിർമാണമേഖലയായ ചുങ്കാൻകടയിൽ നിന്നാണ് പൊങ്കാല കലങ്ങൾ എത്തുന്നത്. ആറ്റുകാൽ പൊങ്കാലയ്ക്ക് മാത്രമായി വൻതോതിലുള്ള മൺകലം നിർമാണമാണ് എല്ലാ വർഷവും ചുങ്കാൻകടയിൽ നടത്തുന്നത്. എന്നാൽ, ആവശ്യപ്പെട്ടതിന്റെ പകുതി എണ്ണം കലങ്ങൾ മാത്രമേ ഇത്തവണ കിട്ടിയുള്ളൂവെന്നാണ് ചില്ലറ വില്പനക്കാർ പറയുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ മൺകലങ്ങളും പൊങ്കാലയ്ക്ക് വേണ്ട മറ്റ് വസ്തുക്കളും നഗരത്തിലേക്ക് എത്തിത്തുടങ്ങും.
ആഘോഷത്തിന് മാറ്റേകി കലാപരിപാടികൾ
ആറ്റുകാൽ ക്ഷേത്രത്തിലെ അംബ, അംബിക, അംബാലിക എന്നീ വേദികളിലായി നടക്കുന്ന കലാപരിപാടികൾ ആസ്വദിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. വൈകിട്ട് ഏഴ് മണിയോടെ വേദികൾക്ക് മുന്നിൽ തിരക്ക് വർദ്ധിക്കും. കുടുംബസമേതം എത്തുന്നവരാണ് കൂടുതലും. വൈകിട്ടോടെ ക്ഷേത്രത്തിലെത്തി ദർശനം നടത്തി കലാപരിപാടികളും കണ്ടാണ് പലരും മടങ്ങുന്നത്. ഗാനമേള, ശാസ്ത്രീയനൃത്തം, സംഗീതക്കച്ചേരി തുടങ്ങി വിവിധ പരിപാടികളാണ് മൂന്ന് വേദികളിലായി ദിവസവും അരങ്ങേറുന്നത്. കനത്ത സുരക്ഷയാണ് പൊലീസ് ക്ഷേത്രത്തിലും പരിസരത്തുമായി ഒരുക്കിയിരിക്കുന്നത്.
ഹരിത മതിലുമായി നഗരസഭ
ആറ്റുകാൽ പൊങ്കാല പ്ലാസ്റ്റിക് മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രചാരണാർത്ഥം ആറ്റുകാൽ പരിസരത്ത് ഹരിത മതിൽ തീർക്കുന്നു. നഗരസഭാ ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ നഗരത്തിലെ കോളേജ് വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ചാണ് 18ന് വൈകിട്ട് 4ന് ഹരിത മതിൽ തീർക്കുന്നത്. പൊങ്കാലയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കാൻ ഉത്സവ മേഖലയിൽ അഞ്ഞൂറോളം ഗ്രീൻ ആർമി വോളണ്ടിയർമാരെ നിയോഗിക്കും.
പൊങ്കാല ദിവസം ഭക്ഷണ സാധനങ്ങൾ വ്യാപകമായി പാഴാക്കിക്കളയുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കുന്നതിന് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഭക്ഷണവിതരണത്തിന് അനുമതി നൽകൂ. കഴിഞ്ഞ മൂന്നു വർഷം നഗരസഭയും ശുചിത്വ മിഷനും നടപ്പാക്കുന്ന ഗ്രീൻ പ്രോട്ടോക്കോളിലൂടെ പ്ലാസ്റ്റിക് മാലിന്യം വൻതോതിൽ കുറയ്ക്കാൻ സാധിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 2017ൽ 350 ടൺ മാലിന്യങ്ങൾ ഉണ്ടായിരുന്നത് കഴിഞ്ഞ വർഷം ഏകദേശം 72 ടൺ ആയി കുറയ്ക്കാൻ സാധിച്ചു.