തിരുവനന്തപുരം: ആർ.സി.സിയിലെത്തുന്ന നിർദ്ധന അർബുദരോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും സാമ്പത്തികസഹായവും ഒരുക്കി മെഡിക്കൽ കോളേജിനടുത്ത് ട്രിഡയുടെ വിശ്രമകേന്ദ്രം വാടകയ്ക്കെടുത്ത് സ്ത്രീകളെ പരിചരിച്ചും സാന്ത്വനപരിചരണലോകത്ത് നിശ്ശബ്ദവിപ്ലവം സൃഷ്ടിച്ച കെ.കെ. സുശീല ഓർമ്മയായി. തലസ്ഥാനത്ത് സാന്ത്വനപരിചരണരംഗത്തും സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതയായ പടിഞ്ഞാറേപട്ടം നളന്ദ ഗാർഡൻസ് 12സി.ആർ.എ 56ൽ കെ.കെ. സുശീല. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലെ മുൻനിര പോരാളിയുമായിരുന്നു വൈദ്യുതിബോർഡ് ജീവനക്കാരിയായി വിരമിച്ച സുശീല.
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ നേതാവായി സംഘടനാരംഗത്ത് സജീവമായ അവർ പിന്നീട് ദേവകിവാര്യരുടെ ഓർമ്മയ്ക്കായി രൂപീകരിച്ച ദേവകി വാര്യർ മെമ്മോറിയൽ വിമെൻസ് സ്റ്റഡീസ് ആൻഡ് എംപവർമെന്റ് സെന്ററിന്റെ സംഘാടകയായി. വനിതാ സാഹിതിയുടെ വഞ്ചിയൂർ മേഖലാ പ്രസിഡന്റായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിലും സജീവമായി. ഭോപ്പാൽ ദുരന്തത്തിനിരയായവർക്ക് ഐക്യദാർഢ്യവുമായി തിരുവനന്തപുരത്ത് നിന്ന് ഭോപ്പാലിലേക്ക് സയൻസ് ട്രെയിൻ എന്ന പേരിൽ നടന്ന പ്രകടനത്തിന്റെ നേതൃനിരയിൽ സുശീലയായിരുന്നു. ഫാക്ടറിയുടെ മുന്നിൽ പ്രകടനവും ദുരന്തബാധിതർക്ക് സഹായവും ഇതിന്റെ ഭാഗമായി നൽകി. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രയാണം നടത്തിയ, ക്യാപ്റ്റൻ ലക്ഷ്മി പങ്കെടുത്ത ഭാരതജ്ഞാൻ- വിജ്ഞാൻ ജാഥയിലും പ്രധാന അംഗമായിരുന്നു സുശീല.