തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ആവശ്യങ്ങൾക്കായി നഗരത്തിൽ ആയിരത്തിലേറെ പ്രത്യേക കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുന്നതിനൊപ്പം ആവശ്യമായ സ്ഥലങ്ങളിലെല്ലാം ടാങ്കർ ലോറികളിലും കുടിവെള്ളമെത്തിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. ആറ്റുകാൽ പൊങ്കാലയ്ക്ക് ജലവിതരണത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്ക് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
പൊങ്കാല പ്രദേശങ്ങളെ ആറ്റുകാൽ, ഫോർട്ട്, ചാല, ശ്രീവരാഹം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച് 1240 താത്കാലിക കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിക്കും. അത്യാവശ്യ അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്തു തീർക്കും. അറ്റകുറ്റപ്പണികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജോലിക്കാരുടെ പ്രത്യേകസംഘം പൊങ്കാല കഴിയുന്നതുവരെ രംഗത്തുണ്ടാകും.
ആറ്റുകാൽ, കളിപ്പാൻകുളം, കൊഞ്ചിറവിള, കുര്യാത്തി, മണക്കാട് വാർഡുകൾ ഉൾപ്പെടുന്ന ആറ്റുകാൽ മേഖലയിൽ 700 ടാപ്പുകളും തമ്പാനൂർ, ചാല വാർഡുകൾ ഉൾപ്പെടുന്ന ചാല മേഖലയിൽ 110 ടാപ്പുകളും ഫോർട്ട്, ഈഞ്ചയ്ക്കൽ വാർഡുകൾ ഉൾപ്പെടുന്ന ഫോർട്ട് മേഖലയിൽ 160 ടാപ്പുകളും ശ്രീവരാഹം, അമ്പലത്തറ, കമലേശ്വരം, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകൾ ഉൾപ്പെടുന്ന ശ്രീവരാഹം മേഖലയിൽ 270 ടാപ്പുകളും സ്ഥാപിക്കുന്ന പ്രവൃത്തികൾ നാളെയോടെ പൂർത്തിയാക്കും. ഇതു കൂടാതെ തിരുവനന്തപുരം കോർപറേഷൻ സ്ഥാപിക്കുന്ന കിയോസ്കുകളിൽ കുടിവെള്ളം എത്തിക്കാനായി പി.ടി.പി നഗർ, വണ്ടിത്തടം, ഫിൽട്ടർ ഹൗസ് എന്നിവിടങ്ങളിൽ വെൻഡിംഗ് പോയിന്റുകൾ സ്ഥാപിക്കും.
കൂടാതെ ആറ്റുകാലിന് സമീപം കല്ലടിമുഖത്ത് ഇത്തവണ പുതിയ വെൻഡിംഗ് പോയിന്റും സ്ഥാപിക്കുന്നുണ്ട്. പൊങ്കാല പ്രദേശങ്ങളിൽ ഡ്രെയിനേജ് പൈപ്പുകളും മാൻഹോളുകളും വൃത്തിയാക്കുന്നതിനായി 22 പ്രവൃത്തികൾക്ക് 69.67 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ ജോലികൾ 18ന് മുൻപ് പൂർത്തിയാക്കും.
പാർക്കിംഗ് ഇവിടെയാകാം!
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ വാഹന പാർക്കിംഗിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണം നടക്കുന്ന കഴക്കൂട്ടം - കോവളം ബൈപാസിലുൾപ്പെടെ നിരത്ത് വക്കുകളിൽ പാർക്കിംഗ് ദുഷ്കരമായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ക്ഷേത്ര പരിസരത്ത് വാഹനങ്ങൾ തടയാനായി ബാരിക്കേഡുകൾ സ്ഥാപിച്ചു. നിയന്ത്രണത്തിന് അമ്പതോളം ട്രാഫിക് വാർഡൻമാരെയും നിയോഗിച്ചു.
ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എൻ.എച്ച്, ബണ്ട് റോഡ്, എം.ജി റോഡുകളിലോ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഗതാഗത, സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കി പാർക്കുചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും. പൊങ്കാല ദിവസം നഗരാതിർത്തിക്കുള്ളിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിനോ നിരത്തുകളിലും സമീപത്തും പാർക്കുചെയ്യാനോ പാടില്ല. ഭക്തരുമായി എത്തുന്ന വാഹനങ്ങളിൽ ഡ്രൈവർ / സഹായി ഉണ്ടായിരിക്കേണ്ടതും അല്ലാത്തപക്ഷം ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വ്യക്തമായ രീതിയിൽ എഴുതി വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.
പാർക്കിംഗ് സ്ഥലങ്ങൾ
മടക്കം ഇങ്ങനെ