തിരുവനന്തപുരം : രോഗശയ്യയിൽ വയറെരിയുന്നവരുടെ വിളികേട്ട് നഗരസഭ ഉച്ചഭക്ഷണവുമായെത്തുന്നു. നഗരത്തിലെ സർക്കാർ ആശുപത്രികളിലെ കിടപ്പ് രോഗികൾക്ക് സൗജന്യഭക്ഷണം നൽകുന്ന നഗരസഭയുടെ വിശപ്പ് രഹിത നഗരം പദ്ധതിക്ക് നാളെ തുടക്കമാകും. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറൽ ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, വലിയതുറ ആശുപത്രി എന്നിവിടങ്ങളിലാണ് നഗരസഭ ഭക്ഷണം എത്തിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30ന് ഭക്ഷണവിതരണം ആരംഭിക്കും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനാൽ പൊതിയിൽ ഭക്ഷണം നൽകില്ല.
രോഗികളുടെ കൈവശമുള്ള സ്റ്റീൽ പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പി നൽകുന്നത്. എല്ലാ ദിവസവും രാവിലെ നഗരസഭ നൽകുന്ന കൂപ്പൺ ആശുപത്രി അധികൃതർ രോഗികൾക്ക് വിതരണം ചെയ്യും. കുര്യാത്തിയിലെ കുടുംബശ്രീ യൂണിറ്റിനാണ് അടുത്ത് മാർച്ച് വരെ ഭക്ഷണം എത്തിച്ച് വിളമ്പി നൽകുന്നതിനുള്ള ചുമതല. ആദ്യ വർഷം പദ്ധതി നടത്തിപ്പിനായി 20 ലക്ഷം രൂപയാണ് നഗരസഭ നീക്കിവച്ചിരിക്കുന്നത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡയറ്റിഷ്യന്റെ നിർദ്ദേശപ്രകാരമാണ് ഓരോ ദിവസത്തേക്കുമുള്ള ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
മത്സ്യ, മാംസ വിഭവങ്ങൾ ഉൾപ്പെടെ ഒരാൾക്ക് 40 രൂപയാണ് ചെലവഴിക്കുന്നത്. നാളെ രാവിലെ 11.30ന് തൈക്കാട് ആശുപത്രിയിൽ മേയർ വി.കെ. പ്രശാന്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ വിവിധ ആശുപത്രികളിലെത്തി ഭക്ഷണം വിതരണം ചെയ്യും. അടുത്തവർഷം മുതൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൂടി ഭക്ഷണം നൽകുന്ന കാര്യം പരിഗണനയിലാണ്. ഇതിനായി വരും വർഷങ്ങളിൽ കൂടുതൽ തുക കണ്ടെത്തി പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ഹെൽത്ത് സൂപ്പർവൈസർ പ്രകാശ് പറഞ്ഞു.
ടെൻഡർ വിളിച്ചു, ആരും വന്നില്ല
വിശപ്പ് രഹിത നഗരം പദ്ധതി നടപ്പാക്കുന്നതിന് നഗരസഭ ഇ-ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. തുടർന്ന് അധികൃതർ കുടുംബശ്രീയിലെ വിവിധ യൂണിറ്റുകൾക്ക് കത്ത് നൽകി. പത്തോളം യൂണിറ്റുകൾ ക്വട്ടേഷൻ നൽകിയതിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കുര്യാത്തി യൂണിറ്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.
കിടപ്പ് രോഗികളുടെ ശരാശരി കണക്ക്
തൈക്കാട് 200 - 220
ജനറൽ ആശുപത്രി 460-500
ഫോർട്ട് 35-40
നേമം 25-30
വലിയതുറ 15-20
2018-19 വർഷത്തെ നഗരസഭയുടെ സുപ്രധാന പദ്ധതിയാണ് വിശപ്പ് രഹിത നഗരം. ആദ്യഘട്ടമെന്ന നിലയിലാണ് കിടപ്പ് രോഗികൾക്ക് ഭക്ഷണമെത്തിക്കുന്നത്. വരും വർഷങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും.
- വി.കെ. പ്രശാന്ത് (മേയർ)