തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന് എൽ.എസ്.ജി ലീഡേഴ്സ് മീറ്റോടെ കനകക്കുന്നിൽ തുടക്കമായി. ചരിത്രത്തിലാദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന ആയുഷ് പദ്ധതികൾക്ക് മികവിന്റെ മാറ്റുരയ്ക്കാനുള്ള വേദിയായി എൽ.എസ്.ജി.ഡി മീറ്റ്. കോൺക്ലേവിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ഗവർണർ പി. സദാശിവം നിർവഹിക്കും.
ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്ത എൽ.എസ്.ജി.ഡി മീറ്റിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേധാവികളും നിർവഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു. പൊതുജനാരോഗ്യത്തിന് ആയുഷ് വിഭാഗങ്ങളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ മികച്ച പദ്ധതിക്ക് സമ്മാനം നൽകും. ജില്ലാതലത്തിൽ സ്ക്രീനിംഗ് നടത്തി ഉത്തര, ദക്ഷിണ സോണുകളിലായുള്ള മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച 12 പദ്ധതികളാണ് അവതരിപ്പിച്ചത്. ഇവയിൽ നിന്നു തിരഞ്ഞെടുക്കുന്ന മികച്ച പദ്ധതിക്കാണ് കോൺക്ലേവിന്റെ അവസാന ദിവസം സമ്മാനം നൽകുന്നത്. ആയുർവേദത്തിലെ എട്ടും ഹോമിയോപ്പതിയിലെ നാലും പദ്ധതികളുമാണ് അവസാന ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ഭിന്നശേഷിക്കാർ, ഗോത്രവർഗക്കാർ, പാലിയേറ്റീവ് രോഗികൾ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ നടപ്പിലാക്കിയ വിഭിന്നമായ ആയുഷ് ജനകീയാസൂത്രണ പദ്ധതികൾ ഇതിൽപ്പെടും.
സൂര്യകാന്തി എക്സ്പോ ഗ്രൗണ്ടിൽ ഇന്നലെ ആരംഭിച്ച ആരോഗ്യ എക്സ്പോ ആയുഷ് കോൺക്ലേവിന്റെ പ്രധാന ആകർഷണമാണ്. നാല് ദിവസം നീണ്ടുനില്കുന്ന എക്സ്പോയിൽ 325 സ്റ്റാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര - സംസ്ഥാന - സ്വകാര്യ സ്ഥാപനങ്ങളും ആരോഗ്യ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ ഇടപെടൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ അവബോധം ഉണ്ടാക്കുന്നതിന് ആരോഗ്യ എക്സ്പോയിലൂടെ കഴിയും. എഡ്യൂക്കേഷൻ എക്സ്പോയിൽ കേരളത്തിലെ എല്ലാ ആയുഷ് കോളേജുകളും പങ്കെടുക്കുന്നു. 17 ആയുർവേദ കോളേജുകളും 5 ഹോമിയോ കോളേജുകളും യുനാനി, സിദ്ധ, യോഗ ആൻഡ് നാച്ചുറോപ്പതി കോളേജുകളും പങ്കെടുക്കുന്നു. ഓരോ കോളേജും ആയുഷ് മേഖലയിലെ സ്പെഷ്യാലിറ്റികളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിവു പകരുന്ന വിധത്തിലാണ് എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.
ആയുഷിൽ ഇന്ന്