ശ്രീനഗർ: പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴുപേരെ എൻ.ഐ.എ കസ്റ്രഡിയിലെടുത്തു. ശ്രീനഗറിൽ നിന്നാണ് ഇവരെ എൻ.ഐ.എ പിടികൂടിയത്. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇവരെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
തെക്കൻ കാശ്‌മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗറിൽ നിന്ന് 30 കിലോമീറ്റർ അകലെ ലെത്‌പോറയിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സി.ആർ.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങൾ വ്യൂഹമായി ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്നു. ജവാന്മാർ സാധാരണ ബസുകളിലായിരുന്നു. സൈന്യം പട്രോളിംഗ് നടത്തുന്ന ദേശീയ പാതയിലൂടെ നീങ്ങുമ്പോൾ ഐ.ഇ.ഡി ബോംബുകൾ നിറച്ച എസ്.യു.വി ചാവേർ ഭീകരൻ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ചാവേർ ആക്രമണത്തിൽ 40 സി.ആർ.പി.എഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
കഴിഞ്ഞ ദിവസം ജവാൻമാരുടെ ഭൗതികശരീരങ്ങൾ ഡൽഹിയിലെത്തിച്ച് രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്, നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ, വ്യോമസേന മേധാവി എയർമാർഷൽ ബി.എസ്.ധനോവ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. ജവാൻമാരുടെ മൃതദേഹങ്ങൾ ഇന്ന് ജന്മനാടുകളിൽ എത്തിക്കും. അതേസമയം, ആക്രമണം നടത്തിയ ഭീകരരർക്കെതിരെ തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.