ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് ഓടി തുടങ്ങിയതിന് അടുത്ത ദിവസം തന്നെ വഴിയിലായി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വന്ദേഭാരത് എക്സ്‌പ്രസ് ഫ്ലാഗ് ഒഫ് ചെയ്തത്. ഉത്തർപ്രദേശിലെ തുണ്ട്ല സ്റ്റേഷനിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെയാണ് ട്രെയിൻ പണിമുടക്കിയത്.
കന്നിയാത്രക്ക് ശേഷം വാരണാസിയിൽ നിന്ന് തിരിച്ച് ഡൽഹിയിലേക്ക് വരുന്നതിനിടെ ഡൽഹിയിൽ നിന്ന് ഇരുന്നൂറ് കിലോമീറ്റർ അകലെയായാണ് ട്രെയിൻ ബ്രേക്ക്ഡൗൺ ആയത്. തിരിച്ചുള്ള യാത്രക്കിടെ ട്രെയിനിൽ നിന്ന് വിചിത്രമായ ശബ്ദം കേൾക്കുകയും. പല കോച്ചുകളിൽ വൈദ്യുതി നഷ്ടമാവുകയും ചെയ്തിരുന്നു. 130 കി.മീ വേഗതയിൽ സഞ്ചരിച്ചിരുന്ന ട്രെയിൻ പെട്ടെന്ന് വേഗത നഷ്ടപ്പെട്ട് പ്രവർത്തനം നിലയ്ക്കുകയായിരുന്നു. അവസാന ബോഗികളിലെ ബ്രേക്ക് ജാമായതാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. തുടർന്ന് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ട്രെയിനുകളിലേക്ക് മാറ്റി ഡൽഹിയിലേക്ക് എത്തിക്കുകയായിരുന്നു.
മെട്രോ ട്രെയിൻ മാതൃകയിൽ എഞ്ചിനിൻ ഇല്ലാതെ ഇന്ത്യൻ റെയിൽവേ നിർമ്മിച്ച ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ട്രെയിൻ18 എന്നത് പുനർനാമകരണം ചെയ്ത് വന്ദേഭാരത് എക്‌സ്‍പ്രസ് എന്നാക്കിയത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിൻ റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലാണ് നിമ്മിച്ചത്. രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉൾപ്പെടെ 16 എ.സി.കോച്ചുകളാണ് ട്രെയിനിലുള്ളത്. ഫെബ്രുവരി 17 മുതൽ പ്രതിദിന സർവ്വീസ് തുടങ്ങാനിരിക്കെ ട്രെയിനിന് സാങ്കേതിക തകരാറുണ്ടായത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.