sister-lucy

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റ‌ർ ലൂസിക്കെതിരെ വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. അച്ചടക്ക ലംഘനം നടത്തിയാൽ സന്യാസി സമൂഹത്തിൽ നിന്ന് പുറക്കാക്കുമെന്ന മുന്നറിയിപ്പോടെയാണ് സഭ നോട്ടീസ് നൽകിയത്.

കാർ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്റെ അനുമതി ഇല്ലാതെയാണെന്നും. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റർ ലൂസി കളപ്പുരക്കലിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് വഴി സഭയ്ക്ക് അനാവശ്യ ചെലവുണ്ടാക്കിയെന്നും കത്തിൽ പറയുന്നു. രാത്രികാലങ്ങളിൽ വൈകി മുറിയിലെത്തുന്നത് സിസ്റ്റ‌ർ ശീലമാക്കിയെന്നും ഇത് സഭാനിയമങ്ങൾക്ക് വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നു.

അനുമതി ഇല്ലാതെ വനിത ജേർണലിസ്റ്റിനെ ഒരു രാത്രി മുറിയിൽ താമസിപ്പിച്ചുവെന്നുമാണ് സഭയുടെ ആരോപണം. മുൻ വിശദീകരണങ്ങളിൽ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നൽകിയതെന്നും കത്തിൽ പറയുന്നു. മൂന്നാം തവണയാണ് സിസ്റ്റർ ലൂസിക്ക് സഭ കാരണം കാണിക്കൽ നോട്ടീസ് അയക്കുന്നത്. മുൻപത്തെ നോട്ടീസിന് സിസ്റ്റർ ലൂസി നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. മാർച്ച് പത്തിനകം വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ സഭയിൽ നിന്ന് പുറത്താക്കുമെന്നുമാണ് പുതിയ നോട്ടീസിൽ പറയുന്നത്.

അതേസമയം, ഇത്തവണ ലഭിച്ച നോട്ടീസിൽ കുറ്റങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും നേരത്തെ നൽകിയ വിശദീകരണത്തിൽ കൂടുതലായി ഒന്നും പറയാനില്ലെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. താൻ ഇപ്പോഴും നല്ലരീതിയിലാണ് ജീവിക്കുന്നതെന്നും തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും സഭയെ തൃപ്തിപ്പെടുത്തുന്ന മറുപടി നൽകാനാകില്ലെന്നും സന്യാസിനി സഭയിൽ തുടരാനാണ് തന്റെ ആഗ്രഹമെന്നും സിസ്റ്റ‌ർ വ്യക്തമാക്കി.